കീഴൂർ: ലോക മാതൃഭാഷാ ദിനത്തോടനുബന്ധിച്ച് കീഴൂർ എ.യു.പി സ്കൂളിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. മാതൃസ്നേഹത്തെ അക്ഷരങ്ങളിലൂടെയും ചിത്രങ്ങളിലൂടെയും ആവിഷ്കരിക്കാൻ അഞ്ചാം ക്ലാസിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ‘ജീവധാര’ എന്ന കൈയെഴുത്തു മാസിക പരിപാടിയുടെ മുഖ്യ ആകർഷണമായി.
അമ്മ’ എന്ന പുണ്യത്തെ ഹൃദയത്തോട് ചേർത്ത് വച്ചുകൊണ്ട് കുട്ടികൾ എഴുതിയ കഥകളും കവിതകളും ചിത്രങ്ങളും കയ്യെഴുത്തു മാസികയാക്കി ‘ജീവധാര’ എന്ന പേരിൽ ഡോ :സോമൻ കടലൂരിനു നൽകി പ്രകാശനം ചെയ്തു.
പി.ടി.എ വൈസ് പ്രസിഡന്റ് സുബീഷിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സ്കൂളിലെ സീനിയർ അധ്യാപിക രമ ടീച്ചർ, സജീവൻ മാസ്റ്റർ, പ്രജേഷ് മാസ്റ്റർ, നിമീഷ് മാസ്റ്റർ, അഞ്ജയ് മാസ്റ്റർ, ജ്വാല ടീച്ചർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. മാതൃഭാഷയോടുള്ള സ്നേഹവും ആദരവും വളർത്തുന്നതിനൊപ്പം കുട്ടികളുടെ സർഗ്ഗവാസനകളെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.
