തിരുവനന്തപുരം: പേരൂർക്കട മാനസികാരോഗ്യകേന്ദ്രത്തിൽ മനുഷ്യാവകാശ കമീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് പരിശോധന നടത്തി. മാനസികാരോഗ്യകേന്ദ്രത്തിലെ അന്തേവാസികൾ അനുഭവിക്കുന്ന വിവിധതരം ബുദ്ധിമുട്ടുകൾ സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടർന്നായിരുന്നു സന്ദർശനം. ആശുപത്രിയിലെ വാർഡുകൾ, ഫോറൻസിക് വാർഡ്, അടുക്കള, ഭക്ഷണം തയ്യാറാക്കുന്ന സ്ഥലങ്ങൾ, ഭൗതിക സാഹചര്യങ്ങൾ തുടങ്ങിയവ പരിശോധിച്ചു. ആശുപത്രി സൂപ്രണ്ട്, ഡോക്ടർമാർ എന്നിവരുമായി ചർച്ച നടത്തി.
അക്രമാസക്തരായ മാനസികരോഗ ബാധിതരെ നാട്ടുകാർ ആശുപത്രിയിലെത്തിക്കുമ്പോൾ കൂട്ടിരിപ്പുകാരില്ലാതെ പ്രവേശിപ്പിക്കില്ലെന്ന് ആശുപത്രി അധികൃതർ വാശിപിടിക്കാറുണ്ടെന്ന് കമീഷനിൽ ലഭിച്ച പരാതിയിൽ പറയുന്നു. മനോരോഗം ബാധിച്ച് കിടപ്പിലായവർ മരുന്ന് വാങ്ങാൻ നേരിട്ട് വരണമെന്ന് നിർബന്ധിക്കുന്ന ഡോക്ടർമാരുണ്ടെന്നും പരാതിയുണ്ട്. 15 ദിവസത്തേക്ക് മാത്രം മരുന്നുകൾ നൽകുന്ന പ്രവണതയും രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എന്നാൽ സ്വകാര്യ മെഡിക്കൽ സ്റ്റോറുകളിൽ ഇത്തരം മരുന്നുകൾ യഥേഷ്ടം വാങ്ങാം.
കമീഷൻ ചെയർ പേഴ്സൺ 2023ൽ നടത്തിയ സന്ദർശനത്തെ തുടർന്ന് സർക്കാരിന് നൽകിയ നിർദ്ദേശങ്ങൾ നടപ്പാക്കിയത് സംബന്ധിച്ച് കമീഷൻ വിലയിരുത്തൽ നടത്തി. അമിക്കസ് ക്യൂറി അഡ്വ. രാം കുമാർ, സൈക്യാട്രി എമിറേറ്റ്സ് പ്രൊഫസർ ഡോ. റോയ് എബ്രഹാം, കോട്ടയം മെഡിക്കൽ കോളജിലെ മനശാസ്ത്ര വിഭാഗം തലവൻ ഡോ. പി.ജി. സജി, ആരോഗ്യ വകുപ്പിലെ ഉയർന്ന ഉദ്യോഗസ്ഥർ എന്നിവർ ജസ്റ്റിസ് അലക്സാണ്ടർ തോമസിനെ അനുഗമിച്ചു. കമ്മീഷൻ വിശദമായ റിപ്പോർട്ട് സർക്കാരിന് നൽകും.