കോഴിക്കോട് > മാനാഞ്ചിറ മൈതാനിയിലും മിഠായിത്തെരുവിന്റെ കവാടത്തിലും സൗജന്യ അതിവേഗ വൈഫൈ സേവനം ശനിയാഴ്ച മുതൽ ലഭ്യമാകും. വൈകിട്ട് അഞ്ചിന് മാനാഞ്ചിറ സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ എളമരം കരീം എംപി ഉദ്ഘാടനം ചെയ്യും. മേയർ ബീന ഫിലിപ്പ് അധ്യക്ഷയാകും. എളമരം കരീം എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് നടപ്പാക്കുന്ന ‘വൈഫൈ സ്ട്രീറ്റ്’ പദ്ധതി പ്രകാരമാണിത്. ഒരേ സമയം അഞ്ഞൂറിലധികം പേർക്ക് വൈഫൈ ഉപയോഗിക്കാനാവും. പാസ്വേഡും ഒടിപി നമ്പറും ഉപയോഗിച്ചാണ് സേവനം ലഭ്യമാക്കുക. ഒരാൾക്ക് ഒരു ജിബി ഡാറ്റ വരെ ഒരു ദിവസം ഉപയോഗിക്കാനാകും.
35.89 ലക്ഷം രൂപ ചെലവ് വരുന്ന പദ്ധതി ബിഎസ്എൻഎല്ലാണ് നടപ്പാക്കുന്നത്. മാനാഞ്ചിറ മൈതാനം, കിഡ്സൺ കോർണർ, പബ്ലിക് ലൈബ്രറി പരിസരം എന്നിവിടങ്ങളിൽ ലഭിക്കും. മൂന്നുവർഷമാണ് ബിഎസ്എൻഎല്ലുമായുള്ള കരാർ കാലാവധി. അതിന് ശേഷം കോർപറേഷന് കൈമാറും. എംപിയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ച് മീഞ്ചന്ത ഗവ. ആർട്സ് കോളേജിലും സൗജന്യ വൈഫൈ ഒരുക്കിയിട്ടുണ്ട്. ഇതും ഉടൻ ആരംഭിക്കും.