നിക്ഷേപത്തിൽ നിന്നും സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നുണ്ടോ? സുരക്ഷിതമായ നിക്ഷേപത്തിലൂടെ എല്ലാ മാസവും പലിശ വരുമാനം ഉറപ്പാക്കാൻ സാധിക്കുന്ന ഒരു സർക്കാർ പിന്തുണയുള്ള നിക്ഷേപ പദ്ധതിയാണ് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി (MIS). സാധാരണക്കാരായ ഏതൊരു നിക്ഷേപകനും ഇതൊരു ഉറപ്പുള്ള നേട്ടം നൽകുന്നു.
സ്ഥിര നിക്ഷേപം പോലെ ഒറ്റത്തവണ നിക്ഷേപത്തിലൂടെയാണ് ഈ പ്രതിമാസ വരുമാന പദ്ധതിയിൽ അക്കൗണ്ട് തുറക്കുന്നത്. പോസ്റ്റ് ഓഫീസ് സ്കീമായതിനാൽ വിശ്വാസ്യതയും വർദ്ധിക്കും. നിക്ഷേപകന് 5 വർഷത്തേക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ഒരു നിശ്ചിത തുത നിക്ഷേപിച്ചാൽ ഈ കാലാവധി മുഴുവൻ പലിശ കിട്ടും. ഈ സ്കീമിൽ നിക്ഷേപിക്കാൻ പ്ലാനുണ്ടോ? പ്രത്യേകതകളും ആനുകൂല്യങ്ങളും അറിയാം;
നിക്ഷേപം
ഈ സ്കീമിൽ രണ്ട് രീതിയിൽ അക്കൗണ്ട് തുറക്കാം. സിംഗിൾ അക്കൗണ്ട് പോലെ ജോയിൻ്റ് അക്കൗണ്ടും സാധ്യമാണ്. എന്നാൽ ഈ രണ്ട് അക്കൗണ്ടുകളുടെയും പരമാവധി നിക്ഷേപ തുക വ്യത്യസ്തമാണ്. സിംഗിൾ അക്കൗണ്ടിൻ്റെ പരമാവധി നിക്ഷേപം തുക 9 ലക്ഷം രൂപയും, ജോയിൻ്റ് അക്കൗണ്ടിന് 15 ലക്ഷം രൂപയുമാണ്. പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിക്ഷേപിക്കാവുന്ന ഏറ്റവും കുറഞ്ഞ തുക 1,000 രൂപയാണ്.
പലിശ നിരക്ക്
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ നിന്ന് ലഭിക്കുന്ന പ്രതിവർഷ പലിശ നിരക്ക് 7.4 ശതമാനമാണ്. എല്ലാ മാസവും നിക്ഷേപ തുകക്ക് അനുസരിച്ച് സ്ഥിരമായി പലിശ നേടാൻ സാധിക്കും. എന്നാൽ നിക്ഷേപകൻ ഈ പ്രതിമാസ പലിശ ക്ലെയിം ചെയ്യുന്നില്ലെങ്കിൽ ആ വരുമാനം പിന്നീട് ഒരിക്കലും ലഭിക്കില്ല എന്നതും ശ്രദ്ധിക്കുക. അതിനാൽ തീർച്ചയായും പ്രതിമാസ വരുമാനം ഉറപ്പാക്കുക.
കാലാവധിയും അക്കൗണ്ട് ക്ലോസ് ചെയ്യലും
പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയുടെ കാലാവധി 5 വർഷമാണ്. എന്നാൽ 5 വർഷത്തിനു ശേഷം അക്കൗണ്ട് കാലാവധി നീട്ടാൻ സാധിക്കില്ല. ഈ കാലാവധി പൂർത്തിയാവുമ്പോൾ അക്കൗണ്ട് ക്ലോസ് ചെയ്യാം. എന്നാൽ അക്കൗണ്ട് കാലാവധി പൂർത്തിയായിട്ടും അക്കൗണ്ട് ക്ലോസ് ചെയ്യാതിരുന്നാൽ 2018 ലെ ഗവൺമെന്റ് സേവിംഗ്സ് പ്രൊമോഷൻ ജനറൽ റൂൾസിന്റെ റൂൾ 9(6) പ്രകാരം പോസ്റ്റ് ഓഫീസ് സേവിംഗ്സ് അക്കൗണ്ടിന് ബാധകമായ നിരക്കിൽ പലിശ തുടർന്നും ലഭിക്കും.
കാലാവധി പൂർത്തിയാകുന്നതിന് മുമ്പ് നിക്ഷേപകൻ മരിച്ചാൽ, അക്കൗണ്ട് അവസാനിപ്പിക്കുകയും റീഫണ്ടിന് തൊട്ടുമുമ്പുള്ള മാസം വരെയുള്ള നിക്ഷേപം പലിശ സഹിതം തിരികെ നൽകുകയും ചെയ്യും.
സാധാരണയായി കാലാവധി പൂർത്തിയാവുന്നതു വരെ നിക്ഷേപം നിലനിർത്തണം. എന്നാൽ ചില സാഹചര്യങ്ങളിൽ പണത്തിന് ആവശ്യം വന്നാൽ കാലാവധിക്കു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാം. അക്കൗണ്ട് ആരംഭിച്ച് മൂന്ന് വർഷത്തിനുള്ളിൽ ക്ലോസ് ചെയ്താൽ നിക്ഷേപ തുകയുടെ 2 ശതമാനം പിഴയായി കുറയ്ക്കും. അതിൻ്റെ ബാക്കി മാത്രമേ തിരികെ ലഭിക്കുകയുള്ളൂ. എന്നാൽ മൂന്ന് വർഷത്തിന് ശേഷം ക്ലോസ് ചെയ്താൽ നിക്ഷേപത്തിന്റെ 1 ശതമാനം കുറയ്ക്കും. ഒരു വർഷത്തെ കാലാവധി പൂർത്തിയാവുന്നതിനു മുന്നേ അക്കൗണ്ട് ക്ലോസ് ചെയ്യാൻ സാധ്യമല്ല എന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
യോഗ്യത പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതിയിൽ ആർക്കെല്ലാം അക്കൗണ്ട് തുറക്കാമെന്ന് അറിയാം; ഇന്ത്യയിലെ സ്ഥിരതാമസക്കാരായ പ്രായ പൂർത്തിയായ പൗരൻമാർക്ക് ആരംഭിക്കാം. ഒരു ജോയിന്റ് അക്കൗണ്ടിൽ മൂന്ന് പേർക്ക് വരെ നിക്ഷേപിക്കാം. പ്രായപൂർത്തിയാകാത്ത കുട്ടിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ട് തുറക്കാം. മാനസികാവസ്ഥയില്ലാത്ത ഒരു വ്യക്തിയുടെ പേരിൽ രക്ഷിതാവിന് അക്കൗണ്ട് തുറക്കാം. സുരക്ഷിതമായ നിക്ഷേപത്തിലൂടെ സ്ഥിരമായ വരുമാനം ആഗ്രഹിക്കുന്നവർക്ക് പോസ്റ്റ് ഓഫീസ് പ്രതിമാസ വരുമാന പദ്ധതി ഒരു മികച്ച തിരഞ്ഞെടുപ്പായിരിക്കും. അപകട സാധ്യത കുറഞ്ഞ ഇത്തരം ചെറുകിട സമ്പാദ്യ പദ്ധതികൾ നിങ്ങളുടെ സാമ്പത്തിക വളർച്ചക്കുള്ള ചവിട്ടു പടിയായി കണക്കാക്കാം.