കോട്ടയം: ബാറുകളിൽ നിന്ന് അനധികൃതമായി മാസപ്പടി വാങ്ങിയെന്ന വിവാദത്തിൽ കോട്ടയം ഡെപ്യൂട്ടി എക്സൈസ് കമ്മീഷണർ അശോക് കുമാറിനെയും ആറ് ഉദ്യോഗസ്ഥരെയും സസ്പെൻഡ് ചെയ്തു. ചങ്ങനാശ്ശേരി റേഞ്ചിലെയും സർക്കിളിലെയും ഉദ്യോഗസ്ഥർക്കും കോട്ടയം ആന്റി നാർക്കോട്ടിക് സ്ക്വാഡിലെ ഉദ്യോഗസ്ഥർക്കുമാണ് സസ്പെൻഷൻ ലഭിച്ചത്. എക്സൈസ് കമ്മീഷണറാണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്.
ജില്ലയിലെ ബാറുകളിൽ മിന്നൽ പരിശോധന നടത്താനെത്തിയ എക്സൈസ് കമ്മീഷണർക്കാണ് ഡെപ്യൂട്ടി കമ്മീഷണറുടെ അനധികൃത പണമിടപാടുകളെക്കുറിച്ച് വിവരം ലഭിക്കുന്നത്. ബാറുകളിൽനിന്ന് പണം പിരിച്ച് നൽകാനായി ഒരു ബാർ മാനേജരെയാണ് ഏൽപ്പിച്ചിരുന്നത്. പരിശോധനയുടെ ഭാഗമായി എക്സൈസ് കമ്മീഷണർ ബാർ മാനേജരെ ചോദ്യം ചെയ്യുന്നതിനിടയിൽ, ഡെപ്യൂട്ടി കമ്മീഷണറുടെ ഫോൺ കോൾ എത്തി. കമ്മീഷണർ ജില്ലയിലുണ്ടെന്നും ശ്രദ്ധിക്കണമെന്നും മുന്നറിയിപ്പ് നൽകിയ ഈ സംഭാഷണം എക്സൈസ് കമ്മീഷണർ റെക്കോർഡ് ചെയ്യുകയായിരുന്നു.
തുടർന്ന് ബാർ മാനേജരുടെ മൊഴിയുടെയും ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിൽ അശോക് കുമാറിന്റെ വീട്ടിൽ എക്സൈസ് സംഘം പരിശോധന നടത്തുകയും സസ്പെൻഷൻ നടപടികളിലേക്ക് കടക്കുകയുമായിരുന്നു.
