മാഹി: സർക്കാർ സ്കൂളുകളിലെ സീനിയർ സെക്കൻഡറി വിഭാഗത്തിൽ വിവിധ വിഷയങ്ങളിൽ നാല് അധ്യാപകരെ ആവശ്യമുണ്ടെങ്കിലും ഹിസ്റ്ററിയിൽ ഒരാളെ മാത്രം നിയമിച്ച് വിദ്യാർഥികളോട് നീതി കേടാണ് കാണിക്കുന്നതെന്ന് മാഹി മേഖലയിലെ വിദ്യാർഥികളുടെ രക്ഷിതാക്കൾ.
സീനിയർ സെക്കൻഡറിയിൽ കൊമേഴ്സ്, കെമിസ്ട്രി, ഹിസ്റ്ററി വിഷയങ്ങൾക്ക് ഓരോ അധ്യാപകർ ഇനിയും വേണം. പ്രീ പ്രൈമറിയിൽ ആവശ്യമുള്ള മൂന്ന് ബാല സേവികമാരുടെ ഒഴിവിലും അധികൃതർ കണ്ണടക്കുകയാണ്. പ്രൈമറിയിൽ ആറ് അധ്യാപകരുടെയും സെക്കൻഡറി വിഭാഗത്തിൽ മാത്സ് (ഒന്ന്), സോഷ്യൽ സയൻസ് (നാല്), അറബിക് (അഞ്ച്), മലയാളം (ഏഴ്), ഹിന്ദി (അഞ്ച്) എന്നിവയിൽ 22 അധ്യാപകരുടെയും ഒഴിവ് നികത്തിയിട്ടില്ല.
സമഗ്രശിക്ഷ പദ്ധതിയിലെ ഫണ്ട് ഉപയോഗിച്ചാണ് മാനേജ്മെന്റ് കമ്മിറ്റി അധ്യാപകരെ നിയമിക്കുന്നത്. അധ്യാപകർ ഇല്ലാത്ത ക്ലാസിലെ ബഹളം കാരണം സമീപത്തെ ക്ലാസുകളിൽ പഠിപ്പിക്കുന്നതിന് ബുദ്ധിമുട്ടുണ്ടാക്കുന്നതായി ചില അധ്യാപകർ പറഞ്ഞു. മൂന്ന് സ്കൂളുകളിൽ ചരിത്രം പഠിപ്പിക്കുന്നതിന് അധ്യാപകരില്ലാത്തത് കാരണം പാദവാർഷിക പരീക്ഷയുടെ ചോദ്യത്തിന് എങ്ങനെയാണ് ഉത്തരമെഴുതുക എന്ന രക്ഷിതാക്കളുടെ ചോദ്യവും ഉയരുന്നുണ്ട്.