വടകര: റൂറൽ ഓഫീസിന് മുന്നിൽ പെട്രോൾ ഒഴിച്ച് ആത്മഹത്യ ചെയ്യാനൊരുങ്ങിയെ യുവതിയെ ജീവിതത്തിലേക്ക് പിടിച്ച് കയറ്റിയിരിക്കുകയാണ് എസ്ഐയും സ്റ്റുഡന്റ്സ് പൊലീസ് നോഡൽ ഓഫിസറുമായ സുനിൽ കുമാർ തുഷാര. തമിഴ്നാട് സ്വദേശിയായി യുവതി വാണിമേൽ സ്വദേശിയായി യുവാവിനൊപ്പം വിദേശത്ത് കഴിഞ്ഞ് വരികയായിരുന്നു. പിന്നീട് യുവതി നാട്ടിലെത്തിയപ്പോൾ യുവാവിനെ കാണാൻ കോഴിക്കോട് എത്തി. എന്നാൽ ഈ വിവരം അറിഞ്ഞതോടെ യുവാവ് അവിടെ നിന്നും മുങ്ങി. നാട്ടിലെത്തിയപ്പോഴാണ് യുവാവിന് ഇവിടെ ഭാര്യയും മക്കളും ഉണ്ടെന്ന വിവരം യുവതി അറിഞ്ഞത്.
ഇതേ തുടർന്ന് യുവതി പൊലീസിൽ പരാതി നൽകി, കേസിൽ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. ഇയാളെ കണ്ടെത്താമെന്ന് പൊലീസ് ഉറപ്പും നൽകിയിരുന്നു. എന്നാൽ ബന്ധുക്കൾക്കൊപ്പം റൂറൽ ജില്ലാ പൊലീസ് മേധാവിയെ കാണാൻ എത്തിയ യുവതി പെട്ടെന്ന് ഓഫിസിനു പുറത്തേക്ക് ഓടി ദേഹത്തേക്ക് പെട്രോൾ ഒഴിക്കുകയായിരുന്നു. തീപ്പെട്ടി ഉരയ്ക്കാൻ തുടങ്ങുന്ന സമയത്താണ് എസ് ഐയുടെ സമയോചിത ഇടപെടൽ ഉണ്ടായത്. ഔദ്യോഗിക ആവശ്യത്തിനായി ഓഫീസിലെത്തിയ സുനിൽ കുമാർ ഓടിച്ചെന്ന് യുവതിയുടെ കയ്യിലെ തീപ്പെട്ടി തട്ടിത്തെറിപ്പിക്കുകയായിരുന്നു.
പിന്നീട് രണ്ടുപേരും തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് യുവതിയെ വടകര ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, അവിടെ പ്രാഥമിക ചികിത്സ നൽകി ശേഷം യുവതിയെ മെഡിക്കൽ കോളജിലേക്ക് വിട്ടു. നിലവിൽ യുവതിയുടെ ആരോഗ്യസ്ഥിതിയിൽ പ്രശ്നങ്ങളിലെങ്കിലും ദേഹത്ത് പെട്രോൾ ഒഴിച്ചതിന്റെ പൊള്ളലുണ്ട്.