മിഷന്‍ ബേലൂര്‍ മഖ്‌ന അഞ്ചാം ദിനം; ആന പനവല്ലി റോഡിലെ മാനിവയലില്‍, ട്രാക്കിങ് ടീം വനത്തിനുള്ളില്‍

news image
Feb 15, 2024, 4:08 am GMT+0000 payyolionline.in

മാനന്തവാടി: മിഷൻ ബേലൂർ മഖ്ന അഞ്ചാം ദിവസവും തുടരുകയാണ്. ആനയെ തേടി ട്രാക്കിങ് ടീം വനത്തിലേക്ക് പ്രവേശിച്ചു. ഒടുവില്‍ ലഭിച്ച റേഡിയോ കോളര്‍ സിഗ്നല്‍ പ്രകാരം കാട്ടിക്കുളം പനവല്ലി റോഡിലെ മാനിവയല്‍ പ്രദേശത്തെ വനത്തിലാണ് മോഴയാന ഉള്ളതെന്ന് മനസിലായി. ഇന്നലെ രാത്രി തോല്‍പ്പെട്ടി – ബേഗൂര്‍ റോഡ് മുറിച്ചുകടന്നാണ് ഈ പ്രദേശത്തേക്ക് എത്തിയത്.

 

ഇന്നലെ രാത്രി 9.30 ഓടെ തോല്‍പ്പെട്ടി റോഡ് കടന്ന് ആലത്തൂര്‍ – മാനിവയല്‍ – കാളിക്കൊല്ലി ഭാഗത്തെ വനമേഖലയിലേക്ക് ആന എത്തിയിട്ടുണ്ടെന്ന് വനം വകുപ്പ് അധികൃതര്‍ അറിയിച്ചു. രാത്രിയില്‍ ഈ മേഖലയിലുള്ളവരോട് ജാഗ്രത പാലിക്കണമെന്ന് അറിയിച്ച വനപാലകര്‍, ആന ജനവാസപ്രദേശങ്ങളിലേക്ക് എത്താതിരിക്കാനുള്ള മുന്‍കരുതലും ഒരുക്കിയിരുന്നു. ആദ്യ ദിവസങ്ങളില്‍ ആന നിലയുറപ്പിച്ച മണ്ണുണ്ടി, ഇരുമ്പുപാലം പ്രദേശങ്ങളോട് ചേര്‍ന്നുകിടക്കുന്ന സ്ഥലമാണ് മാനിവയല്‍. മണ്ണുണ്ടി മുതല്‍ മാനിവയല്‍ വരെ എട്ട് കിലോമീറ്റര്‍ ചുറ്റളവില്‍ വനപ്രദേശത്ത് തന്നെയാണ് ആന ഇതുവരെയും സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്. ഈ വനമേഖല കുറ്റിക്കാടുകള്‍ നിറഞ്ഞതാണ്. അതിനാൽ മയക്കുവെടിവെക്കല്‍ ദൗത്യം അഞ്ചാംദിനത്തിലേക്ക് നീളുകയാണ്.

 

എന്നാല്‍ എന്തുവില കൊടുത്തും ആനയെ വരുതിയിലാക്കുമെന്ന ആത്മവിശ്വാസത്തോടെ തന്നെയാണ് ദൗത്യസംഘം മുന്നോട്ടുപോകുന്നത്. ബേലൂര്‍ മഖ്‌നക്കൊപ്പം മറ്റൊരു മോഴയാന കൂടിയുണ്ട്. ഇത് ദൗത്യം ഒന്നുകൂടി ദുഷ്‌കരമാക്കിയിട്ടുണ്ട്. ബേലൂർ മഖ്‌നയെ ലക്ഷ്യംവെക്കുന്ന ദൗത്യ സംഘത്തിന് നേരെ ഈ മോഴയാന ആക്രമണത്തിന് മുതിര്‍ന്നിരുന്നു. വെടിയുതിര്‍ത്താണ് ദൗത്യംസംഘം ആനയെ തുരത്തിയത്. മോഴ ബേലൂര്‍ മഖ്‌നയെ വിടാതെ കൂടെകൂടിയതും വനത്തിനുള്ളിലെ കുറ്റിക്കാടുകളും തന്നെയാണ് ഇപ്പോഴും വലിയ പ്രതിസന്ധിയായിരിക്കുന്നത്. നിരപ്പായ സ്ഥലങ്ങളിലേക്ക് ബേലൂര്‍ മഖ്‌ന എത്തുന്നില്ലെന്ന് മാത്രമല്ല ട്രാക്കിങ് ടീമിന്റെ സാന്നിധ്യം മനസിലാക്കിയിട്ടോ മറ്റോ ഇത്തരം പ്രദേശങ്ങളില്‍ നിന്ന് ആന ഉടനടി മാറിപ്പോകുന്നുമുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe