മാനന്തവാടി: മത്സ്യം പിടിക്കുന്നതിനെ ചൊല്ലിയുള്ള തർക്കത്തിലുണ്ടായ വെടിവെപ്പിലും കത്തിക്കുത്തിലും മൂന്നുപേർക്ക് പരിക്കേറ്റു. പനവല്ലി എമ്മടി വരിക്കാനിക്കുഴിയിൽ എബിൻ (21) നാണ് എയർ ഗണിൽ നിന്നും വെടിയേറ്റത്. എബിന്റെ കണ്ണിന് നിസാര പരിക്കേറ്റു. ഇയാളെ വെടിവെച്ച ആദണ്ഡകുന്ന് തടത്തിൽ അഗസ്റ്റിൻ എന്ന ബേബി (53) യെ തിരുനെല്ലി പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. വീടിന് സമീപത്തെ പുഴയിൽ വലയിട്ട് മീൻപിടിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ ബേബി അസഭ്യവർഷവുമായെത്തി എബിനെ എയർഗൺ ഉപയോഗിച്ച് വെടിയുതിർത്തതായാണ് പരാതി. തുടർന്ന് വിഷയം ചോദിക്കാനെത്തിയ എബിന്റെ പിതാവ് ബെന്നി (50) യേയും അയൽവാസി രാജു (50) വിനേയും ബേബി കത്തിയുമായി ആക്രമിച്ചു. ഇതിൽ ബെന്നിയുടെ കൈക്ക് സാരമായി പരിക്കേറ്റു.
രാജുവിനും പരിക്കുണ്ട്. മൂവരും മാനന്തവാടി മെഡിക്കൽ കോളജിൽ ചികിത്സ തേടി. സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ തിരുനെല്ലി എസ്.ഐ മെർവിൻ ഡിക്രൂസും സംഘവും ബേബിയെ ആയുധങ്ങൾ സഹിതം കസ്റ്റഡിയിലെടുക്കുകയും വധശ്രമമടക്കമുള്ള കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു. എബിന്റെയും ബെന്നിയുടെയും പരാതിയിൽ രണ്ട് കേസുകളിലായാണ് അറസ്റ്റ്.
