മുംബൈ: ബോട്ടപകടത്തിൽ കാണാതായ ആറ് വയസുകാരന്റെ മൃതദേഹം കൂടി കണ്ടെത്തി. ഗോവ സ്വദേശിയായ ജോഹാൻ അഷ്റഫ് പത്താനാണ് മരിച്ചത്. ഗേറ്റ് വേ ഓഫ് ഇന്ത്യയുടെ സമീപ പ്രദേശത്തുനിന്നാണ് ജോഹാന്റെ മൃതദേഹം കണ്ടെത്തിയത്. ഇതോടെ മരണസംഖ്യ 15 ആയി. ജോഹാന്റെ മൃതദേഹം മുംബൈയിലെ സർ ജെജെ ആശുപത്രിയിലേക്ക് മാറ്റി.
ഗേറ്റ്വേ ഓഫ് ഇന്ത്യയ്ക്ക് സമീപം ബുധനാഴ്ച വൈകുന്നേരമാണ് അപകടമുണ്ടായത്. നാവികസേനയുടെ ബോട്ടുമായി ‘നീൽകമൽ’ പാസഞ്ചർ കപ്പൽ കൂട്ടിയിടിക്കുകയായിരുന്നു. മുംബൈ ഹാർബറിൽ എൻജിൻ ട്രയൽ നടത്തുന്നതിനിടെ എൻജിൻ തകരാർ മൂലം ഇന്ത്യൻ നാവികസേനയുടെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടത്തിലേക്ക് നയിച്ചത്. 110 പേരാണ് യാത്രാ ബോട്ടിൽ ഉണ്ടായിരുന്നത്. നാവിക സേനയുടെ ബോട്ടിൽ ആറ് പേരുണ്ടായിരുന്നു.
ഇത് വരെ 101 പേരെ രക്ഷപ്പെടുത്തിയതായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് പറഞ്ഞു. മരിച്ചവരിൽ നാവികസേന ഉദ്യോഗസ്ഥനും ഉൾപ്പെടുന്നു. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.