മുക്കത്ത് പീഡനശ്രമത്തിനിടെ യുവതി കെട്ടിടത്തിൽ നിന്ന് ചാടിയ സംഭവം; അടിയന്തര റിപ്പോർട്ട് തേടി വനിതാ കമ്മീഷൻ

news image
Feb 4, 2025, 5:40 pm GMT+0000 payyolionline.in

കോഴിക്കോട്: മുക്കത്ത് യുവതിയെ ഹോട്ടൽ ഉടമയും സഹായികളും പീഡിപ്പിക്കാൻ ശ്രമിച്ച സംഭവത്തിൽ കേരള വനിത കമ്മീഷൻ അടിയന്തര റിപ്പോർട്ട് തേടി. കോഴിക്കോട് റൂറൽ എസ്പിയോടാണ് കമ്മീഷൻ റിപ്പോർട്ട് തേടിയത്. ഈ മാസം രണ്ടിനാണ് കേസിനാസ്പദമായ സംഭവമുണ്ടായത്.


അതേ സമയം യുവതി കെട്ടിടത്തിൽ നിന്ന് യുവതി ചാടുന്നതിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ കുടുംബം പുറത്തുവിട്ടു. യുവതിയെ ഹോട്ടൽ ഉടമയും ജീവനക്കാരും ഉപദ്രവിക്കുന്നതിൻ്റെ ദൃശ്യങ്ങളും സംഭാഷണങ്ങളുമായി കുടുംബം പുറത്തുവിട്ടത്. മുക്കം പൊലീസ് പ്രതിചേർത്ത ഹോട്ടൽ ഉടമ ദേവദാസ്, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവർ ഒളിവിലാണ്.

ശനിയാഴ്ച രാത്രി പതിനൊന്ന് മണിയോടടുത്ത നേരത്താണ് യുവതിയുടെ താമസ സ്ഥലത്തേക്ക് ഹോട്ടൽ ഉടമ ദേവദാസും ജീവനക്കാരായ റിയാസും സുരേഷും കയറി ചെല്ലുന്നത്. ഈ സമയത്ത് വീഡിയോ ഗെയിമിങ്ങിലായിരുന്നു യുവതി. വീട്ടിൽ അതിക്രമിച്ചു കയറിയ മൂവരും ഉപദ്രവിക്കാൻ ശ്രമിച്ചെന്നാണ് യുവതി മുക്കം പൊലീസിന് മൊഴി നൽകിയത്. പ്രതികളിൽ നിന്ന് കുതറിമാറി പ്രാണ രക്ഷാർത്ഥം പെൺകുട്ടി കെട്ടിടത്തിൽ നിന്ന് ചാടി. അതിന് തൊട്ടുമുമ്പുള്ള ദൃശ്യങ്ങളാണ് കുടുംബം പുറത്തുവിട്ടത്.

മൂന്ന് മാസമായി യുവതി മുക്കത്തെ ഹോട്ടലിൽ ജോലിക്ക് കയറിയിട്ട്. പെൺകുട്ടിയുടെ വിശ്വാസ്യത നേടിയ ശേഷം ഹോട്ടൽ ഉടമ പ്രലോഭനത്തിന് ശ്രമിച്ചിരുന്നു എന്ന് കുടുബം ആരോപിക്കുന്നു. ഇത് സംബന്ധിച്ച ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടന്നും കുടുംബം അവകാശപ്പെട്ടു. വനിതാ സഹപ്രവർത്തകർ അവധിയിൽ പോയ തക്കം നോക്കി വീട്ടിൽ അതിക്രമിച്ച് കയറിതടക്കം ഗുരുതര കുറ്റം ചെയ്തിട്ടും, പ്രതികൾ ആരെന്ന് കൃത്യമായി തിരിച്ചറിഞ്ഞിട്ടും നടപടികൾ വൈകുന്നതിൽ കുടുംബത്തിന് പരിഭവമുണ്ട്.

നട്ടെല്ലിനും ഇടുപ്പിനും പരിക്കേറ്റ യുവതി നിലവില്‍ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഹോട്ടലിലെ സിസിടിവി അടക്കം വീണ്ടെടുത്ത് പരിശോധിക്കേണ്ടതുണ്ടെന്നും ഒളിവിലുള്ള മൂന്ന് പ്രതികൾക്കായി അന്വേഷണം ഊർജിതമാക്കിയെന്നും പൊലീസ് അറിയിച്ചു. യുവതിയുടെ രഹസ്യമൊഴി രേഖപ്പെടുത്താനും പൊലീസ് നടപടികൾ തുടങ്ങിയിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe