കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്കായി മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പുതുപ്പള്ളിയിലെത്തും, മാസപ്പടി ഉൾപ്പെടെ വിഷയങ്ങളിൽ വ്യക്തിപരമായ ആക്ഷേപങ്ങളുന്നയിച്ച പ്രതിപക്ഷത്തിന് അദ്ദേഹം മറുപടി നൽകുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്. എൽ.ഡി.എഫ് സ്ഥാനാർഥി ജെയ്ക് സി. തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടംഎന്ന നിലക്കാണ് ഇന്ന് പുതുപ്പള്ളി, അയർക്കുന്നം പഞ്ചായത്തുകളിലെ പൊതുപരിപാടികളിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത്. ഈമാസം 30 നും സെപ്റ്റംബർ ഒന്നിനും വീണ്ടും വിവിധ പഞ്ചായത്തുകളിലെ പരിപാടികളിൽ പങ്കെടുക്കും.
മുഖ്യമന്ത്രി, മന്ത്രിമാർ ഉൾപ്പെടെയുള്ളവർ കൂട്ടത്തോടെ പുതുപ്പള്ളിയിൽ എത്തേണ്ടെന്ന തീരുമാനത്തിലായിരുന്നു ആദ്യം എൽ.ഡി.എഫെങ്കിലും പ്രതിപക്ഷത്തിന്റെ ആക്ഷേപത്തെ തുടർന്ന് മന്ത്രിമാരെ കൂട്ടത്തോടെ ഇറക്കിയുള്ള പ്രചാരണമാണിപ്പോൾ നടക്കുന്നത്. അതിന്റെ ഭാഗമായി ബുധനാഴ്ച ആരംഭിച്ച വികസന സന്ദേശ സദസ്സിൽ പങ്കെടുത്തത് 12 മന്ത്രിമാരാണ്. വിവിധ പഞ്ചായത്തുകളിൽ നടന്ന പരിപാടിയിൽ പി. രാജീവ്, കെ.രാധാകൃഷ്ണൻ, ആന്റണി രാജു, അഡ്വ. പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, സജി ചെറിയാൻ, ജി.ആർ. അനിൽ, എം.ബി. രാജേഷ്, കെ. രാജൻ, പി. പ്രസാദ്, വീണ ജോർജ്, എ.കെ. ശശീന്ദ്രൻ എന്നിവരാണ് ഇന്നലെ മാത്രം പങ്കെടുത്തത്. വരും ദിവസങ്ങളിലും ഈ പരിപാടി സജ്ജീകരിച്ചിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയൻ മണ്ഡലത്തിൽ എത്തുമ്പോൾ സ്വീകരിക്കാൻ പാർട്ടി സംവിധാനമെല്ലാം ഒരുങ്ങിക്കഴിഞ്ഞു. യു.ഡി.എഫും ബി.ജെ.പിയും ദേശീയ നേതാക്കളെ ഇറക്കിയുള്ള പ്രചാരണത്തിലാണ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മണ്ഡലത്തിൽ തന്നെ ക്യാമ്പ് ചെയ്യുകയാണ്. എ.ഐ.സി.സി നേതാക്കൾ ഉൾപ്പെടെയുള്ളവർ വരും ദിവസങ്ങളിൽ മണ്ഡലത്തിൽ എത്തും. സ്ഥാനാർഥികളുടെ വാഹന പ്രചാരണം ആരംഭിച്ചതിനാൽ റോഡ്ഷോ ഉൾപ്പെടെ പരിപാടികളും മുന്നണികൾ ആസൂത്രണം ചെയ്തിട്ടുണ്ട്.