തിരുവനന്തപുരം: സംസ്ഥാനത്തെ ജനവിധി യുഡിഎഫിന് അനുകൂലമാണെന്നും അത് പൂർണ്ണമായി അംഗീകരിക്കുന്നുവെന്നും മന്ത്രി പി.എ. മുഹമ്മദ് റിയാസ്. കോൺഗ്രസിനുള്ളിൽ നടക്കുന്ന മുഖ്യമന്ത്രി ചർച്ചകളിൽ ഇടപെടാനോ അഭിപ്രായം പറയാനോ താനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. “മുഖ്യമന്ത്രി ആരാകണമെന്ന് കോൺഗ്രസ് തീരുമാനിക്കട്ടെ, പുതിയ സർക്കാരിന് എല്ലാവിധ ആശംസകളും നേരുന്നു” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തിരഞ്ഞെടുപ്പ് പരാജയത്തെക്കുറിച്ച് സി.പി.ഐ.എം ഗൗരവമേറിയ പരിശോധനകൾ ആരംഭിച്ചതായി റിയാസ് പറഞ്ഞു. “സംസ്ഥാന സെക്രട്ടറിയേറ്റ് വിഷയം വിശദമായി ചർച്ച ചെയ്തു. പാർട്ടിയുടെ അടിത്തട്ടിലുള്ള സഖാക്കളുടെ വരെ അഭിപ്രായങ്ങൾ കേൾക്കും. എവിടെയാണ് പോറലേറ്റതെന്ന് കൃത്യമായി പരിശോധിക്കും. തിരുത്തേണ്ട കാര്യങ്ങൾ തിരുത്തി, ജനകീയ വിഷയങ്ങളിൽ സജീവമായി ഇടപെട്ട് പാർട്ടി മുന്നോട്ടുപോകും,” അദ്ദേഹം പറഞ്ഞു. യുഡിഎഫിന് വോട്ട് ചെയ്തവർ പോലും ഇടതുപക്ഷം തകരണമെന്ന് ആഗ്രഹിക്കുന്നവരല്ലെന്നും ഭൂരിഭാഗം ജനങ്ങളും ഇടതുപക്ഷം ശക്തമായി തിരിച്ചു വരണമെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, കേരളത്തിന്റെ പുതിയ മുഖ്യമന്ത്രിയെ സംബന്ധിച്ച അനിശ്ചിതത്വം കോൺഗ്രസ് ഹൈക്കമാൻഡിൽ തുടരുകയാണ്. എ.ഐ.സി.സി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ ഡൽഹിയിൽ തിരിച്ചെത്തിയ ശേഷം രാഹുൽ ഗാന്ധി, സോണിയ ഗാന്ധി എന്നിവരുമായി നടത്തുന്ന ചർച്ചകൾക്ക് ശേഷമേ അന്തിമ പ്രഖ്യാപനം ഉണ്ടാകൂ. നേതാക്കൾ തമ്മിലുള്ള പോര് അവസാനിപ്പിച്ച ശേഷം മതി പ്രഖ്യാപനമെന്നാണ് ഹൈക്കമാൻഡ് നിലപാട്. മുഖ്യമന്ത്രി സ്ഥാനത്തിനായി കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ ഉറച്ചുനിൽക്കുന്നത് കേന്ദ്ര നേതൃത്വത്തെ പ്രതിസന്ധിയിലാക്കുന്നുണ്ട്. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നിർണ്ണായക നീക്കങ്ങൾ പ്രതീക്ഷിക്കുന്നു.
