തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ മുതലപ്പൊഴിയിൽ ഇന്നലെ മത്സ്യബന്ധന വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽപെട്ട് കാണാതായ നാലു പേരിൽ മൂന്നാമത്തെയാളുടെ മൃതദേഹം കണ്ടെത്തി. പുതുക്കുറിച്ചി സ്വദേശി ബിജു ആന്റണിയുടെ മൃതദേഹമാണ് ഒടുവിൽ കണ്ടെത്തിയത്. സുരേഷ് ഫെർണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹം ഇന്ന് ഉച്ചയോടെ ആണ് കിട്ടിയത്. വള്ളം മറിഞ്ഞ ഉടനെ തന്നെ രക്ഷപ്പെടുത്തിയ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോന്റെയും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. ഇനി കണ്ടെത്താനുള്ളത് റോബിൻ എഡ്വിൻ എന്ന തൊഴിലാളിയെ ആണ്. ഉച്ചക്ക് സുരേഷിന്റെ മൃതദേഹം കിട്ടിയതിന്റെ സമീപത്ത് നിന്നാണ് ബിജുവിന്റെ മൃതദേഹം കണ്ടെത്തിയത്. പുലിമുട്ടിനിടയിൽ കുടുങ്ങിയ നിലയിൽ ആണ് മൃതദേഹം കണ്ടെത്തിയത്.
ഇന്നലെ രാവിലെയായിരുന്നു സംഭവം. മുതലപ്പൊഴിയിൽ മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായി എന്ന വാർത്തയാണ് ആദ്യം പുറത്തു വന്നത്. പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള വള്ളമാണ് മറിഞ്ഞത്. പുലർച്ചെ 4 മണിയോടെയാണ് അപകടം നടന്നത്. കാണാതായവരില് പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന കുഞ്ഞുമോൻ ആശുപത്രിയിൽ വെച്ചാണ് മരിച്ചത്.
അതേ സമയം, മുതലപ്പൊഴിയിൽ മന്ത്രിമാരെ തടയാൻ ആഹ്വാനം ചെയ്തത് ഫാദർ യുജീൻ പേരേരയെന്ന് മന്ത്രി വി ശിവൻകുട്ടി ആരോപിച്ചു. മത്സ്യബന്ധന വള്ളം മറിഞ്ഞതുമായി ബന്ധപ്പെട്ട് സംഭവസ്ഥലം സന്ദർശിച്ച മന്ത്രിമാരായ വി ശിവൻകുട്ടി, അഡ്വ. ആന്റണി രാജു, അഡ്വ. ജി ആർ അനിൽ എന്നിവരെ തടയാൻ ആഹ്വാനം ചെയ്ത് ഫാദർ യുജീൻ പേരേരയാണെന്നും ഫാദർ യുജീൻ പേരേരയുടെ ആഹ്വാനം അനുസരിക്കാതെ നാട്ടുകാർ സംയമനം പാലിച്ചതിനാൽ വലിയ സംഘർഷം ഒഴിവായെന്നുമായിരുന്നു മന്ത്രിമാരുടെ വാർത്താകുറിപ്പ്.