‘മുമ്പ് പല ഘട്ടങ്ങളിലും നേതാക്കൾക്ക് വേണ്ടി മാറി നിന്നു’;ഭരണതലത്തിൽ കൃത്യമായ പരിചയം ഉണ്ടെന്ന് രമേശ് ചെന്നിത്തല

news image
May 6, 2026, 12:31 pm GMT+0000 payyolionline.in

ഡൽഹി: മുഖ്യമന്ത്രി പദത്തിനായി മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ഡൽഹിയിൽ നിർണായക നീക്കങ്ങൾ നടത്തിയതായി വിവരം. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവരുമായി ചെന്നിത്തല കൂടിക്കാഴ്ച നടത്തി. നേതാക്കൾക്ക് മുന്നിൽ രമേശ് ചെന്നിത്തല അവകാശവാദങ്ങൾ നിരത്തിയതായാണ് സൂചന.

2021ൽ തന്നെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കിയത് എംഎൽഎമാരുടെ പിന്തുണ ഇല്ലാത്തതുകൊണ്ടല്ലെന്ന് രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചു. എംഎൽഎമാരുടെ പിന്തുണ തനിക്ക് ഉണ്ടായിരുന്നുവെന്നും എന്നിട്ടും താൻ മാറിനിന്നുവെന്നും രമേശ് ചെന്നിത്തല പറഞ്ഞു. മുഖ്യമന്ത്രി മാനദണ്ഡം എംഎൽഎമാരുടെ പിന്തുണ മാത്രമാകരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മുമ്പ് പല ഘട്ടങ്ങളിലും നേതാക്കൾക്ക് വേണ്ടി മാറി നിന്നിട്ടുണ്ടെന്നും ഭരണ തലത്തിൽ തനിക്ക് കൃത്യമായ പരിചയം ഉണ്ടെന്നുമുള്ള കാര്യങ്ങൾ രമേശ് ചെന്നിത്തല നേതാക്കളെ അറിയിച്ചെന്നാണ് വിവരം.

നിലവിൽ 45 എംഎൽഎമാരുടെ പിന്തുണയുണ്ടെന്നാണ് കെ സി വേണുഗോപാൽ അവകാശപ്പെടുന്നത്. 25 എംഎൽഎമാരുടെ പിന്തുണ രമേശ് ചെന്നിത്തലയും അവകാശപ്പെടുന്നു. 25 എംഎൽഎമാരുടെ പിന്തുണയാണ് വി ഡി സതീശൻ പ്രതീക്ഷിക്കുന്നത്. എഐസിസി നിരീക്ഷകരായ മുകുൾ വാസ്നികും അജയ് മാക്കനും ഇന്ന് തിരുവനന്തപുരത്ത് എത്തും. നിയമസഭാ കക്ഷിയോഗത്തിന് മുൻപ് എംഎൽഎമാരെ നേരിട്ട് കാണാനാണ് നീക്കം.

‌മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നതിൽ എംഎൽഎമാർക്ക് രഹസ്യമായി അഭിപ്രായം അറിയിക്കാൻ അവസരമൊരുക്കണം എന്ന് വി ഡി സതീശൻ ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. നിരീക്ഷകർ അല്ലാത്തവർ അഭിപ്രായം കേൾക്കേണ്ടതില്ലെന്നാണ് വി ഡി പക്ഷത്തിന്റെ വാദം.

കേരളത്തിന്റെ ചുമതലയുളള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷിയെ വിശ്വാസമില്ലെന്നാണ് വി ഡി പക്ഷം പറയുന്നത്. എംഎൽഎമാരുടെ അഭിപ്രായങ്ങൾ കേൾക്കുമ്പോൾ ദീപ ദാസ് മുൻഷി ഉണ്ടാകാൻ പാടില്ലെന്നാണ് ആവശ്യം. ഇക്കാര്യം വി ഡി സതീശൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയോട് ആവശ്യപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe