മുറിയിൽവന്നത് യുവതി അടക്കം മൂന്നുപേര്; ഗൂഗിൾപേയും ചതിച്ചു; പോലീസിനുമുന്നിൽ പതറി ഷൈൻ ടോം ചാക്കോ

news image
Apr 19, 2025, 1:27 pm GMT+0000 payyolionline.in

കൊച്ചി: നടൻ ഷൈൻ ടോം ചാക്കോയെ ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത് ഉത്തമബോധ്യത്തിന്റെ അടിസ്ഥാനത്തിലാണെന്ന് കൊച്ചി സെൻട്രൽ എസിപി. നടന്റെ അറസ്റ്റ് രേഖപ്പെടുത്തിയതായും നിലവിൽ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഷൈൻ ടോം ചാക്കോയെ എറണാകുളം ടൗൺ നോർത്ത് സ്റ്റേഷനിൽനിന്ന് വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് എസിപി മാധ്യമങ്ങളോട് പ്രതികരിച്ചത്.

നിലവിൽ നടന്റെ മൊഴി രേഖപ്പെടുത്തിയിട്ടേയുള്ളൂ. അതെല്ലാം വിശദമായി പരിശോധിക്കേണ്ടതുണ്ട്. വൈദ്യപരിശോധനയ്ക്കും സാമ്പിൾ ശേഖരണത്തിനുശേഷം കോടതിയിൽ ഹാജരാക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുമെന്നും എസിപി പറഞ്ഞു. അതേസമയം, സ്റ്റേഷനിൽനിന്ന് പോലീസ് വാഹനത്തിലേക്ക് കയറ്റുന്നതിനിടെ ഷൈനിനോട് മാധ്യമങ്ങൾ പ്രതികരണം തേടിയെങ്കിലും നടൻ പ്രതികരിച്ചില്ല.

ഷൈൻ ടോം ചാക്കോയ്ക്കെതിരേ ലഹരി ഉപയോഗത്തിനും ലഹരി ഉപയോഗത്തിന് പ്രേരിപ്പിച്ചതിനും ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. നടൻ ലഹരി ഉപയോഗിച്ചതിന് തെളിവ് കണ്ടെത്താനായി പോലീസ് വൈദ്യപരിശോധന നടത്തുന്നുണ്ട്. ഇതിനായി നടന്റെ രക്തം, നഖം, തലമുടി എന്നിവയുടെ സാമ്പിൾ ശേഖരിക്കും.

ആദ്യം നിഷേധിച്ചു, തെളിവ് സഹിതം ചോദ്യംചെയ്തപ്പോൾ പതറി

ഏകദേശം നാലുമണിക്കൂറോളം നീണ്ട ചോദ്യംചെയ്യലിന് ശേഷമാണ് ഷൈൻ ടോം ചാക്കോയെ പോലീസ് ലഹരിക്കേസിൽ അറസ്റ്റ് ചെയ്തത്. ശനിയാഴ്ച രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായ നടൻ ചോദ്യംചെയ്യലിൽ പലതും നിഷേധിച്ചു. ലഹരി ഇടപാടുകാരെ അറിയില്ലെന്നായിരുന്നു നടന്റെ ആദ്യമറുപടി. എന്നാൽ, ഷൈൻ ടോം ചാക്കോയുടെ ഫോൺവിളി വിവരങ്ങളും സന്ദേശങ്ങളും ഉൾപ്പെടെ നിരത്തി പോലീസ് ചോദ്യംചെയ്തതോടെ അദ്ദേഹം പതറി. ലഹരി ഇടപാടുകാരനായ സജീറുമായി ഷൈൻ ടോം ചാക്കോ ഗൂഗിൾ പേ വഴി സാമ്പത്തിക ഇടപാടുകൾ നടത്തിയതിന്റെയും ആശയവിനിമയം നടത്തിയതിന്റെയും തെളിവുകളാണ് പോലീസ് കണ്ടെത്തിയത്. ഇത് മുന്നിൽവെച്ച് ചോദ്യംചെയ്യൽ തുടർന്നതോടെ ഷൈൻ ടോം ചാക്കോയ്ക്ക് പിടിച്ചുനിൽക്കാനായില്ല. സജീറിനെ പരിചയമുണ്ടെന്ന് നടൻ സമ്മതിച്ചു.

ഹോട്ടൽമുറിയിൽ വന്നുപോയത് മൂന്നപേർ

പോലീസിന്റെ ഡാൻസാഫ് ടീം പരിശോധനയ്ക്കെത്തിയപ്പോഴാണ് ഷൈൻ ടോം ചാക്കോ കഴിഞ്ഞദിവസം കൊച്ചിയിലെ ഹോട്ടൽമുറിയിൽനിന്ന് ചാടിയോടി രക്ഷപ്പെട്ടത്. സംഭവദിവസം രാവിലെ ഒരു ഓട്ടോറിക്ഷയിലാണ് ഷൈൻ ടോം ചാക്കോ ഹോട്ടലിലെത്തിയത്. ഇതിനുപിന്നാലെ തൃശ്ശൂർ സ്വദേശിനിയായ ഒരു യുവതി ഹോട്ടൽമുറിയിലെത്തി. രാത്രി ഏഴുമണി വരെ ഇവർ ഹോട്ടൽമുറിയിലുണ്ടായിരുന്നു. ഇതിനുശേഷം രണ്ടുപേർ കൂടി ഹോട്ടൽമുറിയിൽ വന്നുപോയതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം, ഷൈൻ താമസിച്ചിരുന്ന മുറിയിൽ പോലീസ് പരിശോധനയ്ക്കെത്തിയപ്പോൾ മലപ്പുറം സ്വദേശിയായ ഒരാൾ മാത്രമാണുണ്ടായിരുന്നത്. തുടർന്ന് മുറി വിശദമായി പരിശോധിച്ചെങ്കിലും ലഹരിവസ്തുക്കളൊന്നും കണ്ടെടുക്കാനായില്ല.

കൊച്ചിയിൽനിന്ന് രക്ഷപ്പെട്ടശേഷം ഷൈൻ ടോം ചാക്കോ തമിഴ്നാട്ടിലേക്കാണ് കടന്നതെന്ന് പോലീസ് കണ്ടെത്തിയിരുന്നു. തുടർന്നാണ് പോലീസ് നോട്ടീസ് ലഭിച്ചതിന് പിന്നാലെ ശനിയാഴ്ച രാവിലെ നടൻ ചോദ്യംചെയ്യലിന് ഹാജരായത്. അഭിഭാഷകർക്കൊപ്പമാണ് നടൻ രാവിലെ പോലീസ് സ്റ്റേഷനിൽ ഹാജരായത്. മൂന്ന് മൊബൈൽഫോണുകൾ ഉപയോഗിക്കുന്നുണ്ടെങ്കിലും ഒരു ഫോൺ മാത്രമാണ് നടൻ ഹാജരാക്കിയത്. ഹോട്ടലിൽവന്ന പോലീസ് സംഘം ഗുണ്ടകളാണെന്ന് സംശയിച്ചാണ് ചാടിരക്ഷപ്പെട്ടതെന്നായിരുന്നു നടൻ നൽകിയ മൊഴി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe