മുല്ലപ്പെരിയാര്‍ ഡാമില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണിസന്ദേശം; പരിശോധന

news image
Oct 13, 2025, 11:45 am GMT+0000 payyolionline.in

കുമളി (ഇടുക്കി): മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ ബോംബ് വെച്ചിട്ടുണ്ടെന്ന് തൃശ്ശൂര്‍ കോടതിയിലേക്ക് ഭീഷണി സന്ദേശം. ഇമെയില്‍ വഴിയാണ് സന്ദേശം ലഭിച്ചത്. തുടര്‍ന്ന് കോടതി അധികൃതര്‍ വിവരം തൃശൂര്‍ കളക്ടര്‍ക്ക് കൈമാറി. തൃശ്ശൂര്‍ കളക്ടര്‍ വിവരം ഇടുക്കി കളക്ടറെയും അറിയിച്ചു.

ഇടുക്കിയിലെ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും പോലീസും സംയുക്തമായി അണക്കെട്ടില്‍ പരിശോധന നടത്തി. തമിഴ്നാട്ടിലേക്ക് വെള്ളം കൊണ്ടുപോകുന്ന ഷട്ടര്‍, മെയിന്‍ ഡാം, ബേബി ഡാം ഷട്ടര്‍ എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്.

അതിനിടെ, ബോംബ് ഭീഷണിയുടെ പശ്ചാത്തലത്തില്‍ തേക്കടിയില്‍ വാര്‍ത്തകള്‍ ശേഖരിക്കുന്നതിനും ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും എത്തിയ മാധ്യമപ്രവര്‍ത്തകരെ വനംവകുപ്പ് ഉദ്യോഗസ്ഥന്‍ തടഞ്ഞത് ശക്തമായ പ്രതിഷേധങ്ങള്‍ക്ക് വഴിവെച്ചു.

ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ച ശേഷമാണ് മാധ്യമസംഘം സ്ഥലത്തെത്തിയത്. എന്നാല്‍, വനംവകുപ്പ് ഉദ്യോഗസ്ഥനായ ജിനീഷ് കുമാര്‍ മാധ്യമപ്രവര്‍ത്തകരെ തടയുകയും മോശമായി പെരുമാറുകയും ചെയ്തുവെന്നാണ് ആരോപണം.

ഈ നടപടിക്കെതിരെ മാധ്യമപ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് ശക്തമായ പ്രതിഷേധമാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യാനുള്ള സ്വാതന്ത്ര്യം തടസ്സപ്പെടുത്താനുള്ള ശ്രമമാണിതെന്നും മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe