മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലനിരപ്പ് അതിവേഗം ഉയരുന്നു

news image
Oct 18, 2025, 3:11 am GMT+0000 payyolionline.in

വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ തുടരുന്നതിനാൽ മുല്ലപ്പെരിയാറിലെ ജലനിരപ്പ് അതിവേഗം ഉയരുകയാണ്. ജലനിരപ്പ് 137.80 അടിയിലേക്കെത്തി. ഡാമിൻ്റെ ഷട്ടറുകൾ രാവിലെ 8 മണിക്ക് ഉയർത്തുമെന്ന് തമിഴ്നാട് അറിയിച്ചിട്ടുണ്ട്. എട്ട് മണി മുതൽ ഘട്ടം ഘട്ടമായി ഷട്ടറുകൾ ഉയർത്തുമെന്നാണ് വിവരം. 5000 ഘനയടി ജലം വരെ പുറത്തേക്കൊഴുക്കും. പെരിയാറിന്റെ ഇരുകരകളിലും ഉള്ളവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ ഭരണകൂടം നിർദേശം നൽകിയിട്ടുണ്ട്.

ഇടുക്കിയിൽ ഇന്നലെ രാത്രി മുതൽ പെയ്ത മഴയിൽ വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്. നിരവധി മേഖലകളിൽ വെള്ളക്കെട്ട് തുടരുകയാണ്. ഈ മേഖലയിലേക്കുള്ള റോഡുകളിൽ അഞ്ച് അടിയോളം വെള്ളം ഉയർന്ന നിൽക്കുന്നതിനാൽ താന്നിമൂട് മേഖല ഒറ്റപ്പെട്ടു.
നെടുങ്കണ്ടം – കമ്പം അന്തർ സംസ്ഥാന പാതയിലൂടെയുള്ള ഗതാഗതം പൂർണമായും തടസ്സപ്പെട്ടിരിക്കുകയാണ്.

വെള്ളം ഉയർന്നതോടെ നൂറുകണക്കിന് വാഹനങ്ങങ്ങളാണ് പ്രദേശത്ത് കുടുങ്ങിക്കിടക്കുന്നത്. പല ആളുകളും വീടുകളുടെ മുകളിലും മറ്റുമായി കയറി നിൽക്കുന്ന കാഴ്ചയാണ് ഹൈറേഞ്ചിൽ കാണാനാകുന്നത്. ജില്ലയിൽ പലയിടങ്ങളിലേയും ആളുകളെ മാറ്റി പാർപ്പിച്ചിട്ടുണ്ട്. രാത്രിയിൽ കനത്ത മഴയാണ് ഇടുക്കിയിൽ പെയ്തിറങ്ങിയത്. ഉരുൾപൊട്ടൽ ഉണ്ടായിട്ടുണ്ടോ എന്ന സംശയത്തിലാണ് നാട്ടുകാർ. എന്നാൽ ആളപായമോ മറ്റ് അപകടങ്ങളോ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe