തിരുവനന്തപുരം: മുൻ എംഎൽഎമാരുടെ മിനിമം പെൻഷൻ കൂട്ടി. രണ്ട് വർഷം എംഎൽഎയായിരുന്നവർക്കുള്ള പെൻഷൻ 8000 രൂപ എന്നത് 10,000 രൂപയാക്കി. മൂന്ന് വർഷം എംഎൽഎ ആയിരുന്നവർക്ക് പെൻഷനായി ലഭിക്കുക 15,000 രൂപയാണ്. നിലവിലെ പെൻഷൻ 12,000 രൂപയായിരുന്നു. നാല് വർഷം എംഎൽഎ ആയിരുന്നവർക്ക് ലഭിക്കുക 20000 രൂപ പെൻഷനാണ്. മുമ്പ് 16,000 രൂപയയിരുന്നു നാല് വർഷം പൂർത്തിയാക്കിയ ജനപ്രതിനിധികൾക്ക് നൽകുന്ന പെൻഷൻ. അഞ്ച് വർഷം എംഎൽഎ ആയിരുന്നവർക്ക് ലഭിക്കുക 25000 രൂപയാണ് മുമ്പ് 20000 രൂപയായിരുന്ന തുകയാണ് ഈ വിധത്തിൽ കൂട്ടിയിരിക്കുന്നത്.
അഞ്ച് വർഷത്തിൽ കൂടുതൽ എംഎൽഎ ആയിരുന്നവർക്ക് കൂടുതലുള്ള ഓരോ വർഷവും അധിക പെൻഷൻ ലഭിക്കും. മുൻ അംഗങ്ങൾക്ക് 70 വയസ് പൂർത്തിയാകുന്ന മുറയ്ക്ക് പ്രതിമാസം 4000 രൂപ അധികമായി ലഭിക്കും. ഇതോടൊപ്പം മന്ത്രിമാരുടെ ശമ്പളവും എംഎൽഎമാരുടെ അലവൻസും കൂട്ടാനുള്ള ബില്ലുകൾ നിയമസഭയിൽ എത്തിയിട്ടുണ്ട്. ഗവർണറുടെ അനുമതി ലഭിച്ചശേഷം ഇന്ന് രാവിലെയാണ് ബിൽ സഭയിൽ വച്ചത്. എംഎൽഎമാരുടെ അലവൻസ് 70,000 രൂപയിൽ നിന്ന് 98,000 രൂപയാകും. മന്ത്രിമാരുടെയും പ്രതിപക്ഷ നേതാവിന്റെയും ശമ്പളം 1,08,000 രൂപയിൽ നിന്ന് 1,22,000 രൂപയായി വർദ്ധിക്കും.
