പുതുച്ചേരി: മണിപ്പൂരിൽ നടക്കുന്ന സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങളിലും മനുഷ്യാവകാശ ലംഘനങ്ങളിലും പ്രതിഷേധിച്ച് മുൻ പുതുച്ചേരി എം.പി പി. കണ്ണൻ ബി.ജെ.പി വിട്ടു. മുൻ കോൺഗ്രസ് എം.പിയായ പി. കണ്ണൻ 2021ലാണ് ബി.ജെ.പിയിൽ ചേർന്നത്.
ബി.ജെ.പി ഭരിക്കുന്ന മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ ക്രൂരകൃത്യങ്ങളെ അപലപിച്ചാണ് ബി.ജെ.പിയുമായുള്ള എല്ലാ ബന്ധങ്ങളും ഒഴിവാക്കുന്നതായി പി. കണ്ണൻ പ്രഖ്യാപിച്ചത്. മണിപ്പൂരിൽ സ്ത്രീകൾക്കെതിരായ ക്രൂരതകളെ അപലപിക്കാൻ തനിക്ക് വാക്കുകളില്ല. ബി.ജെ.പിയുമായി ഇനി തനിക്കൊരു ബന്ധവുമില്ലെന്നും സാധാരണക്കാർക്കുവേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു.
രണ്ടു ഗോത്രവനിതകളെ വിവസ്ത്രരാക്കി ആൾക്കൂട്ടം ക്രൂരപീഡനത്തിനിരയാക്കിയ സംഭവം അപരിഷ്കൃതമാണ്. അവിടെ നടക്കുന്ന സംഭവങ്ങൾ ഇന്ത്യക്കാർക്ക് മാത്രമല്ല സ്ത്രീസമൂഹത്തിനും മനുഷ്യകുലത്തിനുംതന്നെ അപമാനമാണ്. കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് തലയുയർത്തി നിൽക്കാനാകില്ല. മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.