മൂടാടിയിൽ ജലജീവൻ പദ്ധതി അന്തിമഘട്ടത്തിലേക്ക്

news image
Jul 11, 2026, 11:00 am GMT+0000 payyolionline.in

കൊയിലാണ്ടി: മൂടാടി ഗ്രാമപഞ്ചായത്തിലെ മുഴുവൻ വീടുകളിലും കുടിവെള്ളമെത്തിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന ജലജീവൻ മിഷൻ പദ്ധതി അന്തിമഘട്ടത്തിലേക്ക്. പദ്ധതിയുടെ നിലവിലെ പുരോഗതി വിലയിരുത്തുന്നതിനായി ഗ്രാമപഞ്ചായത്ത് ഹാളിൽ പ്രത്യേക അവലോകന യോഗം ചേർന്നു. പഞ്ചായത്തിൽ ഇതുവരെ 7200 കുടിവെള്ള കണക്ഷനുകൾ നൽകിക്കഴിഞ്ഞതായി അധികൃതർ യോഗത്തിൽ വ്യക്തമാക്കി.

പദ്ധതിയുടെ ഭാഗമായുള്ള വലിയമലയിലെ മെയിൻ ടാങ്കിന്റെയും ബൂസ്റ്റർ ടാങ്കിന്റെയും നിർമാണ പ്രവൃത്തികൾ ഇതിനോടകം പൂർത്തിയായിട്ടുണ്ട്. റെയിൽവേ, ദേശീയപാത (NH) ക്രോസിങ്ങുകളും നടത്തി. കുടിവെള്ള പൈപ്പുകൾ സ്ഥാപിക്കുന്നതിനായി വെട്ടിപ്പൊളിച്ച റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തികളിൽ ഇനി ബാക്കിയുള്ളവ ഈ മാസം തന്നെ പൂർത്തീകരിക്കാൻ യോഗത്തിൽ തീരുമാനമായി. പഞ്ചായത്തിൽ ഇനിയും കുടിവെള്ള കണക്ഷൻ ലഭിക്കാനുള്ള വീടുകളുടെ കൃത്യമായ പട്ടിക ജൂലൈ 20-നകം സമർപ്പിക്കാൻ ബന്ധപ്പെട്ടവർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.പി. അഖില യോഗത്തിൽ അധ്യക്ഷത വഹിച്ചു. വാട്ടർ അതോറിറ്റി എക്‌സിക്യൂട്ടീവ് ജിതേഷ്, മറ്റ് വകുപ്പ് ഉദ്യോഗസ്ഥർ, കരാർ കമ്പനി പ്രതിനിധികൾ, ഗ്രാമപഞ്ചായത്ത് അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe