മൂടൽ മഞ്ഞിൽ വിമാനങ്ങൾ വൈകുന്നത് പരിഹരിക്കാൻ നടപടി; ദില്ലിയിൽ നാലാമത് റൺവേ സജ്ജീകരിക്കും

news image
Jan 15, 2024, 9:39 am GMT+0000 payyolionline.in

ദില്ലി: മൂടൽ മഞ്ഞ് കാരണം വിമാനങ്ങൾ വ്യാപകമായി വൈകുന്ന സാഹചര്യത്തിൽ നടപടിയുമായി കേന്ദ്ര വ്യോമയാന മന്ത്രാലയം. ദില്ലി വിമാനത്താവളത്തിൽ നാലാമത് റൺവേ സജ്ജമാക്കാൻ നിർദേശിച്ചതായി വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. യാത്രക്കാരുടെ ബുദ്ദിമുട്ട് കുറയ്ക്കാനായി നടപടികളെടുക്കാൻ വിമാനക്കമ്പനികൾക്ക് നിർദ്ദേശം നൽകിയെന്നും ഇതിനായി പ്രത്യേക മാർ​ഗ നിർദ്ദേശങ്ങൾ പുറപ്പടുവിക്കും.

വിമാനത്തിനകത്തും വിമാനത്താവളത്തിലും യാത്രക്കാരുടെ മോശം പെരുമാറ്റം ഒരു കാരണ വശാലും അം​ഗീകരിക്കാനാകില്ലെന്നും ഇതിനെതിരെ നിയമപരമായ നടപടികളുണ്ടാകുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ട് കുറക്കാനായി എല്ലാ ശ്രമങ്ങളും തുടരുന്നുവെന്നും മന്ത്രി അറിയിച്ചു.

ഉത്തരേന്ത്യയിൽ കൊടും ശൈത്യം തുടരുകയാണ്. 3.1 ഡി​ഗ്രി സെൽഷ്യസാണ് ദില്ലിയിൽ ഇന്നത്തെ കുറഞ്ഞ താപനില. ഹരിയാന നാർനൗളിലാണ് രാജ്യത്തെ ഏറ്റവും കുറഞ്ഞ താപനില, 1.8 ഡി​ഗ്രി സെൽഷ്യസ്. മൂടൽമഞ്ഞ് കാരണം പലയിടത്തും 50 മീറ്റർ വരെയായി കാഴ്ചാപരിധി കുറഞ്ഞു. ദില്ലിയിൽ വിമാനങ്ങളും തീവണ്ടികളും വൈകുന്നത് തുടരുകയാണ്. ദില്ലിയിൽനിന്നും പുറപ്പെടേണ്ട 150 വിമാനങ്ങളാണ് ഇന്ന് വൈകിയത്, നൂറോളം സർവീസുകൾ റദ്ദാക്കി, 18 തീവണ്ടികളും വൈകി. യാത്രക്കാ‌ർ വിമാനക്കമ്പനികളെ ബന്ധപ്പെട്ട് യാത്രാ സമയം ഉറപ്പിച്ച ശേഷം വിമാനത്താവളത്തിലേക്ക് വന്നാൽ മതിയെന്ന് ദില്ലി വിമാനത്താവളം അധികൃതർ നിർദേശിച്ചു.

ഇന്നലെ ദില്ലിയിൽനിന്നും ​ഗോവയിലേക്ക് പുറപ്പെടേണ്ടിയിരുന്ന ഇൻഡി​ഗോ വിമാനം 10 മണിക്കൂറിലധികം വൈകിയിരുന്നു. ഇക്കാര്യം അറിയിച്ച പൈലറ്റിനെ യാത്രക്കാരനായ സാഹിൽ കതാരിയ മർദിച്ചിരുന്നു. ഇൻഡി​ഗോ അധികൃതർ ദില്ലി പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. അന്വേഷണത്തിനായി ആഭ്യന്തര സമിതിക്ക് രൂപം നൽകി. യാത്രക്കാരനെ നോ ഫ്ലൈ ലിസ്ററിൽ പെടുത്താനാവശ്യപ്പെടുമെന്നും ഇൻഡി​ഗോ അറിയിച്ചു. ഉത്തർപ്രദേശിൽ യമുന എക്സ്പ്രസ് വേയിൽ ബസുകൾ കൂട്ടിയിടിച്ച് 40 പേർക്ക് പരിക്കേറ്റു. ലക്നൗവിൽ കാർ പാലത്തിന് മുകളിൽ നിന്നും വീണ് യാത്രക്കാർക്ക് പരിക്കേറ്റു. വരും ദിവസങ്ങളിലും തീവ്ര ശൈത്യം തുടരുമെന്നാണ് മുന്നറിയിപ്പ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe