തൊടുപുഴ: ഇടുക്കി ജല വൈദ്യുത പദ്ധതിയുടെ ഭാഗമായുള്ള മൂലമറ്റം ജലവൈദ്യുത നിലയം ഒരു മാസത്തേക്ക് പ്രവര്‍ത്തനം നിര്‍ത്തിയതായി അധികൃതര്‍. ഇന്ന് പുലര്‍ച്ചെ മുതല്‍ ആണ് ഉല്‍പ്പാദനം നിര്‍ത്തിവച്ച് അറ്റകുറ്റപ്പണിക്ക് തുടക്കമിട്ടത്. ഇന്നലെ മുതല്‍ ഡിസംബര്‍ 10 വരെ നിര്‍ത്തിവയ്ക്കാന്‍ ആയിരുന്നു ആദ്യ തീരുമാനം. പ്രവര്‍ത്തനം നിര്‍ത്തുമ്പോള്‍ കുടിവെള്ള പദ്ധതികളെ ബാധിക്കുമെന്ന ആശങ്ക ഉണ്ടായിരുന്നു. ഇതില്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ച ശേഷമാണ് നിലയം അടക്കാന്‍ തീരുമാനം ആയത്.
അറ്റകുറ്റപ്പണിക്കായി ഒരുമാസത്തേയ്ക്കാണ് നിലയം അടച്ചിടുന്നത്. എങ്കിലും പരമാവധി വേഗത്തില്‍ പണി പൂര്‍ത്തിയാക്കും. അതേസമയം, വൈദ്യുതി പ്രതിസന്ധി ഉണ്ടാകില്ലെന്നാണ് വിശദീകരണം. 600 മെഗാവാട്ട് വൈദ്യുതി കുറയുമെങ്കിലും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വൈദ്യുതി എത്തിക്കാന്‍ ധാരണയായതിനാല്‍ വൈദ്യുതിനിയന്ത്രണം വേണ്ടിവരില്ലെന്ന് കെഎസ്ഇബി അറിയിച്ചിട്ടുണ്ട്. കുടിവെള്ള പദ്ധതികളെ ബാധിക്കാതിരിക്കാന്‍ മൂവാറ്റുപുഴ വാലി, പെരിയാര്‍ വാലി കനാലുകള്‍ കൂടുതല്‍ തുറന്ന് ജല വിതരണം ഉറപ്പാക്കാനാണ് അധികൃതരുടെ തീരുമാനം.
