മെഡിക്കൽ കോളേജിൽ രോഗി 2 ദിവസം ലിഫ്റ്റില്‍ കുടുങ്ങിയ സംഭവം: 3 ജീവനക്കാർക്ക് സസ്‌പെന്‍ഷൻ 

news image
Jul 15, 2024, 8:54 am GMT+0000 payyolionline.in
തിരുവനന്തപുരം : മെഡിക്കല്‍ കോളേജ് ഒപി ബ്ലോക്കില്‍ രോഗി ലിഫ്റ്റില്‍ രണ്ട് ദിവസം കുടുങ്ങിക്കിടന്ന സംഭവത്തില്‍ 2 ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍, ഡ്യൂട്ടി സാര്‍ജന്റ് എന്നിവരെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. അടിയന്തരമായി അന്വേഷിച്ച് നടപടി സ്വീകരിക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ജോ. ഡയറക്ടര്‍, പ്രിന്‍സിപ്പല്‍, സൂപ്രണ്ട് എന്നിവരടങ്ങിയ സംഘം നടത്തിയ അന്വേഷണത്തെ തുടര്‍ന്നാണ് നടപടി.

അസ്ഥിരോഗ വിഭാഗത്തിൽ ചികിത്സയ്ക്ക് എത്തിയ തിരുമല സ്വദേശി രവീന്ദ്രനെയെയാണ് ഇന്ന് പുലർച്ചെ 11 ആം നമ്പർ ലിഫ്റ്റിൽ നിന്ന് അവശ  നിലയിൽ രക്ഷപ്പെടുത്തിയത്. അടിയന്തര സാഹചര്യത്തിൽ വിളിക്കാനുള്ള എല്ലാ ഫോണുകളിലും വിളിച്ചിട്ടും ആരും തിരിഞ്ഞു നോക്കിയില്ലെന്ന് രവീന്ദ്രൻ പറഞ്ഞു.

മെഡിക്കൽ കോളേജിൽ ചികിത്സയ്ക്ക് എത്തിയതാണ് തിരുമല സ്വദേശിയും നിയമസഭയിലെ താൽക്കാലിക ജീവനക്കാരനുമായ രവീന്ദ്രൻ. ഒ.പി ടിക്കറ്റ് എടുത്ത് ഡോക്ടറെ കാണാൻ പോകുന്നതിനാണ് 11 ആം നമ്പർ ലിഫ്റ്റിൽ കുടുങ്ങിയത്. ലിഫ്റ്റ് പൊടുന്നനെ ഇടിച്ച് നിൽക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഫോൺ നിലത്ത് വീണ് തകരാറിലുമായി.

ശനിയാഴ്ച വൈകിട്ടോടെ ലിഫ്റ്റ് തകരാറിലാണെന്ന് ബോധ്യമായോതോടെ ഓപ്പറേറ്റർ ലോക്ക് ചെയ്ത് മടങ്ങിയിരുന്നു. ഈ സമയമെല്ലാം രവീന്ദ്രൻ കുടുങ്ങിക്കിടക്കുകയായിരുന്നു. ഒരു ദിവസം കഴിഞ്ഞിട്ടും രവീന്ദ്രൻ എത്താതായതോടെ ബന്ധുക്കൾ മെഡിക്കൽ കോളേജ് പൊലീസിൽ പരാതി നൽകി അന്വേഷണം തുടങ്ങിയിരുന്നു. ഇതിനിടയിലാണ് ഇന്ന് പുലർച്ചെയോടെ ലിഫ്റ്റ് ഓപ്പറേറ്റർ തകരാർ പരിശോധിക്കാൻ ലിഫ്റ്റ് തുറന്നത്.ലിഫ്ഫിൽ മലമൂത്ര വിസർജ്ജനമടക്കം നടത്തി അവശനിലയിലായിരുന്നു രവീന്ദ്രൻ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe