ദില്ലി: മെഡിക്കൽ കോളേജുകളിലെ എൻആർഐ ക്വാട്ട വിദ്യാഭ്യാസ സംവിധാനത്തോട് കാണിക്കുന്ന തട്ടിപ്പാണെന്ന് സുപ്രീം കോടതിയുടെ നിരീക്ഷണം. ഇത് അവസാനിപ്പിക്കേണ്ടതാണെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് അഭിപ്രായപെട്ടു. ദോഷകരമായ പ്രത്യാഘാതമാണ് എൻആർഐ ക്വാട്ട കൊണ്ട് ഉണ്ടാകുന്നത് എന്ന് സുപ്രീം കോടതി ചൂണ്ടിക്കാട്ടി.
എൻആർഐ ക്വാട്ടയിൽ പ്രവേശനം ലഭിക്കുന്നവരേക്കാൾ മൂന്ന് ഇരട്ടി മാർക്ക് ഉള്ളവർക്ക് പോലും അഡ്മിഷൻ ലഭിക്കുന്നില്ലെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.മെഡിക്കൽ കോളേജുകളിലെ പ്രവേശനത്തിന് എൻആർഐ ക്വാട്ട സംബന്ധിച്ച് പഞ്ചാബ് സർക്കാർ കൊണ്ട് വന്ന പുതിയ വിജ്ഞാപനം പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയിരുന്നു.
വിദേശത്ത് ഉളള ഇന്ത്യക്കാരുടെ ബന്ധുക്കൾക്കും എൻആർഐ ക്വാട്ടയിൽ പ്രവേശനം നൽകാം എന്നാണ് പുതിയ വിജ്ഞാപനത്തിൽ പഞ്ചാബ് സർക്കാർ വ്യക്തമാക്കിയിരുന്നത്. ഈ വിജ്ഞാപനം ആണ് പഞ്ചാബ് ഹരിയാന ഹൈക്കോടതി റദ്ദാക്കിയത്. ഹൈക്കോടതിയുടെ നടപടി പൂർണ്ണമായും ശരിയാണെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.