മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീതും കലാകാരി അദ്രിജയും ബിജെപിയിലേക്ക്; ഷാൾ അണിയിച്ച് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ

news image
Mar 4, 2026, 10:47 am GMT+0000 payyolionline.in

തിരുവനന്തപുരം: പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് സീമ വിനീത് ബിജെപിയിൽ ചേർന്നു. തിരുവനന്തപുരം മാരാർജി ഭവനിൽ നടന്ന ചടങ്ങിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ച് അവരെ പാർട്ടിയിലേക്ക് സ്വീകരിച്ചു. സീമ വിനീതിനൊപ്പം ഭരതനാട്യം കലാകാരി അദ്രിജയും പതിനഞ്ചോളം സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ബിജെപി അംഗത്വം സ്വീകരിച്ചു.

അംഗത്വം നൽകുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനെയും കോൺഗ്രസിനെയും രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. ഗൾഫ് രാജ്യങ്ങളിൽ ഇറാൻ നടത്തിയ ആക്രമണത്തെക്കുറിച്ച് മുഖ്യമന്ത്രിയും കോൺഗ്രസും പ്രതികരിക്കാത്തത് ഇരട്ടത്താപ്പാണെന്ന് അദ്ദേഹം ആരോപിച്ചു. സിപിഐഎമ്മും കോൺഗ്രസും നടത്തുന്നത് പ്രീണന രാഷ്ട്രീയമാണെന്നും ഇരു കൂട്ടർക്കും രാഷ്ട്രീയ അന്ധത ബാധിച്ചിരിക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.

ഇറാനെന്നും ഗാസയെന്നും പറഞ്ഞുനടക്കുന്നവർ നൈജീരിയയിൽ ക്രിസ്ത്യാനികൾ കൊല്ലപ്പെട്ടപ്പോൾ മിണ്ടിയില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. താൻ രാഷ്ട്രീയ പോയിന്റുകൾക്ക് വേണ്ടിയല്ല സംസാരിക്കുന്നതെന്നും പ്രീണന രാഷ്ട്രീയത്തിന് പകരം പ്രശ്നങ്ങൾ നേരിടുന്നവരെ സഹായിക്കാൻ ആത്മാർത്ഥതയാണ് വേണ്ടതെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു. എവിടെയാണെങ്കിലും ഇന്ത്യക്കാരെ രക്ഷിക്കുക എന്നതാണ് കേന്ദ്ര സർക്കാർ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe