ഏകദേശം 20 ദിവസം മുൻപ് രാജ്യത്തെ ദശലക്ഷക്കണക്കിനു മൊബൈൽ ഉപയോക്താക്കളുടെ ഫോണുകൾ ഒരുമിച്ചു ശബ്ദിച്ചു. ഉച്ചത്തിലുള്ള ബീപ് അലേര്ട്ടും ഒപ്പം അടിയന്തര മുന്നറിയിപ്പ് എന്ന ഫ്ളാഷ് സന്ദേശവുമാണ് ഒരേ സമയം ഫോണുകളിൽ ദൃശ്യമായത്.അതേപോലെ നാളെ കേരളത്തിലെ ഉപയോക്താക്കളുടെ ഫോണുകളും ഒരേ സമയം ശബ്ദിക്കും.വലിയശബ്ദത്തോടെ വരുന്ന മെസേജ് കണ്ടു പേടിക്കേണ്ടതില്ല.
ഈ മുന്നറിയിപ്പിൽ ആശങ്കപ്പെടേണ്ടതില്ലാത്തത് തൽക്കാലം മാത്രമാണ്.കാരണം പ്രകൃതി ദുരന്തങ്ങൾ അടിയന്തരമായി ഫോണുകളിലൂടെ അറിയിക്കാനും സുരക്ഷാ മുൻകരുതലെടുക്കാനും സഹായിക്കുന്ന സെൽ ബ്രോഡ് കാസ്റ്റിങ് സംവിധാനത്തിന്റെ പരീക്ഷണമാണു നാളെ നടക്കുക.
‘ഇത് ഇന്ത്യാ ഗവൺമെന്റിലെ ടെലികമ്മ്യൂണിക്കേഷൻ വകുപ്പ് സെൽ ബ്രോഡ്കാസ്റ്റിംഗ് സിസ്റ്റം വഴി അയച്ച ഒരു സാമ്പിൾ ടെസ്റ്റിംഗ് സന്ദേശമാണ്. നിങ്ങളുടെ ഭാഗത്ത് നിന്ന് ഒരു നടപടിയും ആവശ്യമില്ലാത്തതിനാൽ ഈ സന്ദേശം അവഗണിക്കുക. ഈ സന്ദേശം അയച്ചിരിക്കുന്നത് പാൻ-ഇന്ത്യ എമർജൻസി അലേർട്ട് സിസ്റ്റം നടപ്പിലാക്കുന്നത് പരിശോധിക്കാനാണ്.
ദേശീയ ദുരന്ത നിവാരണ അതോറിറ്റി. പൊതുജന സുരക്ഷ വർദ്ധിപ്പിക്കാനും അടിയന്തര ഘട്ടങ്ങളിൽ സമയബന്ധിതമായ അലേർട്ടുകൾ നൽകാനും ഇത് ലക്ഷ്യമിടുന്നു’ ഇത്തരം ഒരു സന്ദേശമായിരുന്നു ബീപ് ശബ്ദത്തിനൊപ്പം കഴിഞ്ഞ ഒക്ടോബർ പത്തിനു രാവിലെ 11.30 കഴിഞ്ഞപ്പോൾ പല ഫോണുകളിലേക്കും വന്നത്.
മൊബൈൽ നെറ്റ്വർക്ക് പരിഗണിക്കാതെ തന്നെ ഒരു പ്രത്യേക പ്രദേശത്തെ എല്ലാ ഫോണുകളിലേക്കും ടെക്സ്റ്റ് സന്ദേശങ്ങൾ അയയ്ക്കാൻ മൊബൈൽ ഓപ്പറേറ്റർമാരെ അനുവദിക്കുന്ന ഒരു സാങ്കേതികവിദ്യയാണ് സിബിഎസ് . അലേർട്ട് സിസ്റ്റം ശരിയായി പ്രവർത്തിക്കുന്നുണ്ടെന്നും യഥാർത്ഥ അടിയന്തര സാഹചര്യത്തിൽ ആളുകളിലേക്ക് എത്താൻ ഇത് ഉപയോഗിക്കാനാകുമെന്നും ഉറപ്പാക്കാനാണ് എൻഡിഎംഎ ഈ പരിശോധനകൾ നടത്തുന്നത്. വിവധ മേഖലകൾ തിരിച്ചു ഉപയോഗിക്കാമെന്നതിനാൽ മെച്ചപ്പെടുത്തേണ്ട മേഖലകൾ തിരിച്ചറിയാൻ എൻഡിഎംഎയെ ടെസ്റ്റുകൾ സഹായിക്കുന്നു
ഈ ടെസ്റ്റ് അലേർട്ടുകൾ “യഥാർത്ഥ അടിയന്തരാവസ്ഥയെ സൂചിപ്പിക്കുന്നില്ല” എന്നും ആശയക്കുഴപ്പം ഉണ്ടാകാതിരിക്കാൻ “സാമ്പിൾ ടെസ്റ്റി് മെസേജ്” എന്ന് വ്യക്തമായി ലേബൽ ചെയ്യുമെന്നും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണ അതോറിറ്റിയുടെ നേതൃത്വത്തിലായിരിക്കും കോമൺ അലെർടിങ് പ്രോട്ടോക്കോൾ പദ്ധതി നടപ്പിലാക്കുക.
മൊബൈൽഫോണുകൾക്കു പുറനെ ടിവി, റേഡിയോ, സമൂഹമാധ്യമങ്ങൾ എന്നിവിടങ്ങളിലും സമാനമായ രീതിയിൽ അലർട്ടുകൾ നൽകുന്നതും പരിഗണനയിലുണ്ട്.സുനാമി, വെള്ളപ്പൊക്കം, ഭൂകമ്പം തുടങ്ങിയ ദുരന്തങ്ങളുടെ സമയത്തും മറ്റ് സാഹചര്യങ്ങളിലും ഇത് ഉപയോഗിക്കപ്പെടും.