കൊച്ചിയിൽ മോട്ടോർ വാഹന വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ നികുതി വെട്ടിപ്പ് നടത്തിയ ഇതര സംസ്ഥാന ടൂറിസ്റ്റ് ബസുകള്‍ പിടിച്ചെടുത്തു. 28 ബസ്സുകളാണ് പിടിച്ചെടുത്തത്. അന്തർ സംസ്ഥാന സർവീസ് നടത്തുന്നതിന് ആൾ ഇന്ത്യ ടൂറിസ്റ്റ് പെർമിറ്റ് എടുക്കുന്നതിനു പകരം താൽക്കാലിക പെർമിറ്റ് എടുത്ത് സർവീസ് നടത്തിയ വാഹനങ്ങളാണ് പിടികൂടിയത്.
തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് സർവീസ് നടത്തിയ ബസ്സുകളാണ് പിടികൂടിയതിൽ കൂടുതലും. ഒരു തവണ മാത്രം യാത്ര നടത്താനുള്ള പെർമിറ്റിൻ്റെ മറവിൽ ഈ ബസുകൾ ഒരു മാസത്തോളം സർവീസ് നടത്തുന്നതായി മോട്ടോർ വാഹനവകുപ്പിന് വിവരം ലഭിച്ചിരുന്നു.
യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത തരത്തിലാണ് ഇന്നു പുലർച്ചെ പരിശോധന നടത്തിയത്. നികുതി അടച്ചശേഷം വാഹനങ്ങൾ വിട്ടുകൊടുക്കുമെന്ന് മോട്ടർ വാഹന വകുപ്പ് അറിയിച്ചു. സമാന രീതിയിൽ നികുതി വെട്ടിപ്പ് നടത്തി സർവീസ് നടത്തിയ ബസുകൾ ഒരു മാസം മുമ്പ് മോട്ടോർ വാഹന വകുപ്പ് പിടികൂടിയിരുന്നു.
