തിരുവനന്തപുരം: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയുടെ മൃതദേഹം സംസ്കരിച്ചു. മുടവൻമുഗളിലെ വീട്ടുവളപ്പിലായിരുന്നു സംസ്ക്കാരം. മുഖ്യമന്ത്രി പിണറായി വിജയനടക്കം രാഷ്ട്രീയ–സിനിമാ മേഖലകളിലെ പ്രമുഖർ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. പ്രിയപ്പെട്ട അച്ഛമ്മയെ അവസാനമായി ഒരുനോക്ക് കാണാൻ പ്രണവ് മോഹൻലാലും മുടവൻമുഗളിലെ വീട്ടിലെത്തിയിരുന്നു.
ഇന്നു പുലർച്ചെയാണു മൃതദേഹം കൊച്ചിയിൽനിന്ന് തിരുവനന്തപുരത്തെത്തിച്ചത്. മൃതദേഹത്തെ അനുഗമിച്ച് മോഹൻലാലും ഭാര്യ സുചിത്രയും മകൾ വിസ്മയയും ഉണ്ടായിരുന്നു. കഴിഞ്ഞ നാല് പതിറ്റാണ്ടിലേറെയായി ശാന്തകുമാരിയമ്മയും ഭർത്താവ് വിശ്വനാഥൻ നായരും മക്കളും താമസിച്ചിരുന്ന മുടവൻമുഗളിലെ വീട് മോഹൻലാലിന്റെ കുടുംബത്തിന് ഏറെ പ്രിയപ്പെട്ടതാണ്.കൊച്ചി എളമക്കരയിലെ വസതിയിൽ വച്ച് ഇന്നലെയായിരുന്നു ശാന്തകുമാരിയുടെ അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്. പരേതനായ പ്യാരേ ലാൽ ആണു മറ്റൊരു മകൻ.
