മ്യാൻമറിൽ നിന്നുള്ള നുഴഞ്ഞു കയറ്റം തടയുമെന്ന് അമിത് ഷാ

news image
Jan 20, 2024, 12:46 pm GMT+0000 payyolionline.in

ന്യൂഡൽഹി: മ്യാൻമർ അതിർത്തിയിൽ നുഴഞ്ഞുകയറ്റക്കാരെ തടയാൻ നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പുതുതായി രൂപീകരിച്ച അഞ്ച് അസം പൊലീസ് കമാൻഡോ ബറ്റാലിയനുകളുടെ ആദ്യ ബാച്ചിന്റെ പാസിങ് ഔട്ട് പരേഡിനെ അഭിസംബോധന ചെയ്യുകയായിരുന്നു അമിത് ഷാ. മ്യാൻമറുമായുള്ള സ്വതന്ത്ര സഞ്ചാര സൗകര്യം അവസാനിപ്പിക്കാൻ കേന്ദ്രം ആലോചിക്കുന്നതായും അമിത് ഷാ സൂചിപ്പിച്ചു.

”ഇന്ത്യ-മ്യാൻമർ അതിർത്തി ബംഗ്ലാദേശ് അതിർത്തി പോലെ സംരക്ഷിക്കപ്പെടും. മ്യാൻമറുമായുള്ള സ്വതന്ത്ര സഞ്ചാരം ഇന്ത്യ തടയും​.​”-അമിത് ഷാ വ്യക്തമാക്കി. അനധികൃത കുടിയേറ്റം തടയുന്നതിനായി ഇന്ത്യ-മ്യാൻമർ അതിർത്തിയിലെ സ്വതന്ത്ര സഞ്ചാരം സർക്കാർ നിർത്തണമെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ മണിപ്പൂർ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആവശ്യപ്പെട്ടിരുന്നു. മ്യാൻമറുമായുള്ള അതിർത്തിയിൽ വേലികെട്ടാൻ സംസ്ഥാനം ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. മണിപ്പൂർ, മിസോറം, നാഗാലാൻഡ്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലായി ഇന്ത്യയും മ്യാൻമറും 1,643 കിലോമീറ്റർ അതിർത്തി പങ്കിടുന്നുണ്ട്.

വിമത സൈന്യവും ജുണ്ട ഭരണകൂടവും തമ്മിലുള്ള പോരാട്ടം ശക്തമായതോടെ നൂറുകണക്കിന് മ്യാന്മർ സൈനികർ അഭയം തേടി ഇന്ത്യൻ അതിർത്തിയിലെത്തിയിരുന്നു. അതിർത്തിയിലുള്ള മിസോറമിലേക്ക് കുടിയേറാനാണ് ഇവർ ശ്രമിച്ചത്. തുടർന്ന് സൈനികരെ തിരിച്ചയക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന് മിസോറം കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടു. ഏതാണ്ട് 600 മ്യാന്മർ സൈനികർ ഇന്ത്യയിൽ എത്തിയെന്നാണ് റിപ്പോർട്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe