ഡൽഹി: യന്ത്രത്തകരാറിനെ തുടർന്ന് എയർ ഇന്ത്യ വിമാനം അടിയന്തരമായി റഷ്യയിൽ ഇറക്കി. ന്യൂഡൽഹിയിൽനിന്നു സാൻഫ്രാൻസിസ്കോയിലേക്കു പുറപ്പെട്ട വിമാനമാണു റഷ്യയിലേക്കു വഴിതിരിച്ചുവിട്ടത്. മഗദാൻ വിമാനത്താവളത്തിൽ വിമാനം സുരക്ഷിതമായി ഇറക്കിയതായി എയർ ഇന്ത്യ അറിയിച്ചു.
216 യാത്രക്കാരും 16 ജീവനക്കാരുമാണ് എഐ 173 എന്ന വിമാനത്തിലുള്ളത്. എൻജിനുകളിലൊന്നിൽ തകരാർ കണ്ടെത്തിയതോടെയാണു വിമാനം അടിയന്തരമായി ലാൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നു വിമാനക്കമ്പനി വക്താവ് വ്യക്തമാക്കി. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എല്ലാവർക്കും അവരുടെ ലക്ഷ്യസ്ഥാനത്തെത്താൻ ബദൽ മാർഗങ്ങൾ ഒരുക്കുമെന്നും എയർ ഇന്ത്യ അറിയിച്ചു. വിമാനത്തിൽ വിദഗ്ധ സുരക്ഷാ പരിശോധന നടക്കുകയാണ്.