മട്ടന്നൂർ ∙ യാത്രക്കാരുടെ എണ്ണത്തിൽ പുതിയ റെക്കോർഡ് തീർത്ത് കിയാൽ. കണ്ണൂർ രാജ്യാന്തര വിമാനത്താവളം വഴി 2025 ൽ യാത്ര ചെയ്തത് 15.2 ലക്ഷം യാത്രക്കാർ. ഇതിനു മുൻപ് 2019ലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ എന്ന നേട്ടത്തിൽ എത്തിയ വർഷം. അന്ന് 14.7 ലക്ഷം യാത്രക്കാരാണ് കണ്ണൂർ വഴി കടന്നുപോയത്.
യാത്രക്കാരുടെ എണ്ണത്തിൽ 2019 നെ അപേക്ഷിച്ച് 3 ശതമാനവും 2024നെ അപേക്ഷിച്ച് 16 ശതമാനവും വർധന രേഖപ്പെടുത്തി. നവംബർ, ഡിസംബർ മാസങ്ങളിലായി എയർ ഇന്ത്യ എക്സ്പ്രസിന്റെ 340 സർവീസ് കുറഞ്ഞ സാഹചര്യത്തിലാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇത്ര വർധന എന്നത് ശ്രദ്ധേയമാണ്. 2025 ലെ ആദ്യ 4 മാസം തുടർച്ചയായി ഒന്നര ലക്ഷത്തിന് മുകളിൽ യാത്രക്കാർ കണ്ണൂരിൽ ഉണ്ടായിരുന്നു.
രാജ്യാന്തര റൂട്ടിലാണ് കൂടുതൽ യാത്രക്കാർ. 12 മാസത്തിനിടയിൽ 10.51 ലക്ഷം രാജ്യാന്തര യാത്രക്കാരാണ് കണ്ണൂർ വിമാനത്താവളം ഉപയോഗിച്ചത്. 2024 നെ അപേക്ഷിച്ച് 15 ശതമാനം വർധന. 4.58 ലക്ഷം ആഭ്യന്തര യാത്രക്കാരും കടന്നുപോയി. മുൻ വർഷത്തെ അപേക്ഷിച്ച് 21 ശതമാനം വർധന. അബുദാബി, ദോഹ, ദുബായ്, ഷാർജ, ബെംഗളൂരു, മസ്കത്ത്, മുംബൈ, ഡൽഹി റൂട്ടിലാണ് ഏറ്റവും കൂടുതൽ യാത്രക്കാർ ഉള്ളത്.
രാജ്യാന്തര റൂട്ടിൽ അബുദാബി, ദുബായ്, ഷാർജ സെക്ടറിലും ആഭ്യന്തര റൂട്ടിൽ ബെംഗളൂരു സെക്ടറിലുമാണ് കൂടുതൽ സർവീസ്. ആകെ യാത്രക്കാരിൽ 53 ശതമാനം എയർ ഇന്ത്യ എക്സ്പ്രസിനും 47 ശതമാനം ഇൻഡിഗോ യാത്രക്കാരുമാണ്. കഴിഞ്ഞ 6 മാസമായി കിയാൽ പ്രവർത്തനം ലാഭത്തിലാണ്.
ചെലവിന് അനുസരിച്ചുള്ള വരുമാനം കിയാലിനുണ്ട്. റൺവേയിലേക്കുള്ള അപ്രോച്ച് ലൈറ്റിന്റെ ജോലികളും സോളാർ പവർ പ്ലാന്റ് നിർമാണവും പുരോഗമിക്കുന്നു. കണ്ണൂരിലേക്ക് കൂടുതൽ എയർലൈനുകളെ എത്തിക്കുന്നതിനും നിലവിലുള്ള കമ്പനികളുടെ കൂടുതൽ സർവീസ് നടത്തുന്നതിനുള്ള ചർച്ചകളും നടക്കുന്നുണ്ട്.
