യാത്രക്കാര്‍ക്ക് ജാഗ്രതാ മുന്നറിയിപ്പ്, വളരെ ശ്രദ്ധിക്കണം, രാപകല്‍ വ്യത്യാസമില്ലാതെ റോഡരികിൽ കാട്ടാനകളിറങ്ങുന്നു

news image
Oct 6, 2025, 9:42 am GMT+0000 payyolionline.in

മലപ്പുറം: നാടുകാണി ചുരം വഴിയുള്ള യാത്രക്കാര്‍ക്ക് കാട്ടാന മുന്നറിയിപ്പുമായി വനപാലകര്‍. ചുരം തുടങ്ങുന്ന കെ.എന്‍.ജി റോഡരികിലെ ആനമറി വനം ചെക്ക്‌പോസ്റ്റിലെ ജീവനക്കാരാണ് യാത്രക്കാര്‍ക്ക് ജാഗ്രത മുന്നറിയിപ്പ് നല്‍കുന്നത്. രാപകല്‍ വ്യത്യാസമില്ലാതെ കാട്ടാനകള്‍ ചുരം പാതയിലൂടെ വിഹരിക്കുന്നുണ്ട്. കൗതുകക്കാഴ്ച കാമറയിലും ഫോണിലും പകര്‍ത്തുന്നവര്‍ക്ക് നേരെ കാട്ടാനക്കൂട്ടം പാഞ്ഞടുക്കുന്നുണ്ട്. അന്തര്‍ സംസ്ഥാന പാതയായതിനാല്‍ ദിവസേന ദീര്‍ഘദൂര ബസുകളും ചരക്കുലോറികളും ഉള്‍പ്പെടെ നിരവധി വാഹനങ്ങള്‍ സഞ്ചരിക്കുന്ന പാതയില്‍ കാട്ടാനക്കൂട്ടത്തെ കാണുമ്പോള്‍ സഞ്ചാരികള്‍ കൗതുകത്തോടെ വാഹനത്തില്‍ നിന്നിറങ്ങി ആനകളുടെ അരികിലെത്തി ദൃശ്യം പകര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഇത് അപകടങ്ങള്‍ക്ക് കാരണമാവുന്നുണ്ടെന്നാണ് മുന്നറിയിപ്പ്.ചുരത്തിലെ വ്യൂ പോയന്റില്‍ കാട്ടാനകളുടെ സ്ഥിരം സാന്നിധ്യമുണ്ട്. സ്ത്രീകളും കുട്ടികളും അടക്കം ഈ സന്ദര്‍ശന സ്ഥലത്ത് എത്തുന്നുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിക്കാന്‍ എത്തുന്നവര്‍ക്ക് കരുതല്‍ വേണം. ചുരം മേഖല കാട്ടാനകളുടെ സൈ്വരവിഹാര കേന്ദ്രമാണ്. തമിഴ്നാട് വനത്തിനോട് അതിരിടുന്ന വനമേഖലയാണിത്. ആളുകളെ കണ്ടുപരിചയമില്ലാത്ത ആനകളും ഈ കൂട്ടത്തിലുണ്ട്. ആനകളെ പ്രകോപിപ്പിക്കുന്ന തരത്തിലുള്ള നീക്കങ്ങള്‍ സഞ്ചാരികളുടെ ഭാഗത്തുനിന്ന് ഉണ്ടാവരുതെന്ന വനപാലകരുടെ മുന്നറിയിപ്പുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe