കരിപ്പൂർ വിമാനത്താവളത്തിലെ വാഹന പാർക്കിങ് ഫീസിൽ ഇളവുകൾ വരുത്തി നിരക്ക് പരിഷ്കരിച്ചു. ടാക്സി വാഹനങ്ങൾക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിന് മുൻപുണ്ടായിരുന്ന 283 രൂപ നൽകണമെന്നത് 100 രൂപയാക്കി കുറച്ചു. പുതിയ ഇളവുകൾ യാത്രക്കാർക്ക് ആശ്വാസകരമാവും. ടാക്സി വാഹനങ്ങളുടെ പാർക്കിങ് ഫീ 283 രൂപയായിരുന്നത് 100 ആയി കുറച്ചു. 13 മിനിറ്റിനകം വിമാനത്താവളത്തിൽ നിന്നും പുറത്തിറങ്ങിയില്ലെങ്കിൽ പാർക്കിങ് ഫീസ് നൽകണമെന്ന വ്യവസ്ഥയും ഒഴിവാക്കിയിട്ടുണ്ട്.
വിമാനത്താവളത്തിലെ ഗതാഗക്കുരുക്ക് മൂലവും മറ്റും 13 മിനിറ്റിനുള്ളിൽ പലപ്പോഴും പുറത്തിറങ്ങാനാകുന്നില്ലെന്നും അത് പാർക്കിങ് ഫീസ് നൽകാൻ കാരണമാകുന്നതായും വ്യാപക പരാതി ഉയർന്നിരുന്നു. ഇതിനെ തുടർന്നാണ് ഈ വ്യവസ്ഥയിലും ഇളവ് വരുത്തിയത്. യാത്രക്കാരും പാർക്കിങ് ഫീസ് പിരിക്കുന്നവരും തമ്മിലുള്ള തർക്കവും പതിവായിരുന്നു.
എന്നാൽ, 13 മിനിറ്റിനു ശേഷം പാർക്കിങ് ഏരിയകളിൽ അല്ലാതെ വാഹനം പാർക്ക് ചെയ്താൽ 500 രൂപ പിഴ ഈടാക്കും. എൻട്രി സ്ലിപ് പരിശോധിച്ച് തുക ഈടാക്കുന്ന രീതിയും ഇനിയില്ല. യാത്രക്കാരെ കൊണ്ടുപോകാൻ വരുന്ന ടാക്സി വാഹനങ്ങൾ മാത്രമാണ് 100 രൂപ നൽകേണ്ടത്. യാത്രക്കാരെ ഇറക്കാൻ വരുന്ന ടാക്സി വാഹനങ്ങൾ പണം നൽകേണ്ടതില്ല. യാത്രക്കാരുമായി എത്തുമ്പോൾ യാത്രാ രേഖകൾ ജീവനക്കാരെ കാണിക്കണം.
