തൃശൂർ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് അമ്പലപ്പുഴ സ്വദേശിനിയിൽ നിന്നും 15 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരു പ്രതിയെ പൊലീസ് പിടികൂടി. പാട്ടുരായ്ക്കലിലുള്ള ബി സ്കിൽഡ് ഇൻ സർവീസസ് എന്ന സ്ഥാപനത്തിലെ ആറു പ്രതികളിൽ ഒരാളും സ്ഥാപനത്തിന്റെ ബിസിനസ് ഡെവലപ്പ്മെന്റ് മാനേജരുമായ പൂമല പാലയൂർ വീട്ടിൽ ജോൺ സേവ്യറി(26) നെയാണ് ടൗൺ ഈസ്റ്റ് പൊലീസ് പിടികൂടിയത്.
2022 മാർച്ച് മാസത്തിലാണ് സംഭവം നടക്കുന്നത്. യു കെ യിൽ കെയർ ഗിവർ പോസ്റ്റിൽ ജോലി നൽകാമെന്ന വാഗ്ദാനം വിശ്വസിച്ച് പലപ്പോഴായി അക്കൗണ്ടിൽ നിന്നും തുക അയച്ചുകൊടുക്കുകയായിരുന്നു. പിന്നീട് ജോലിക്കുള്ള വിസ ശരിയാക്കി കൊടുക്കുകയോ തുക തിരിച്ചു കൊടുക്കുകയോ ചെയ്യാത്തതിനെ തുടർന്നാണ് ഈസ്റ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. കേസിന്റെ അന്വേഷണത്തിൽ പ്രതി ഉപയോഗിച്ചിരുന്ന വാഹനം അയ്യന്തോളിൽവച്ച് സംശയാസ്പദമായ രീതിയിൽ കണ്ടതിനെ തുടർന്നുള്ള പരിശോധനയിലാണ് പ്രതിയെ പിടികൂടിയത്.
കൂടുതൽ പ്രതികളെ കുറിച്ച് അന്വേഷണം നടക്കുന്നുണ്ടെന്നും ഈസ്റ്റ് പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സിജിത്ത് എം. അറിയിച്ചു. ഇൻസ്പെക്ടർ സിജിത്ത് എം., സബ് ഇൻസ്പെക്ടർ ജസ്റ്റിൻ കെ.ആർ, അസി. സബ് ഇൻസ്പെക്ടർ വില്ലിമോൻ എലുവത്തിങ്കൽ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ ആർ.പി. അരവിന്ദ്, സിവിൽ പോലീസ് ഓഫീസർമാരായ സുജിത്ത് കെ.എസ്, വെശാഖ് രാജ് ആർ.എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.