കായംകുളം: തനിക്കെതിരായ മുസ്ലിം ലീഗ് നേതാവിൻറെ പരാമർശം കേട്ടപ്പോൾ ആദ്യം ഞെട്ടിപ്പോയെന്നും ഇപ്പോഴും മനസ്സിൽ വേദനയുണ്ടെന്നും കായംകുളത്തെ എൽഡിഎഫ് സ്ഥാനാർത്ഥി യു പ്രതിഭ. കൺവെൻഷനിൽ ആരും ലീഗ് നേതാവിനെ തിരുത്തി പറഞ്ഞില്ല. വിവാദമായപ്പോൾ ആണ് ഖേദം പ്രകടിപ്പിച്ചതെന്നും യു പ്രതിഭ പറഞ്ഞു. വാർത്താ സമ്മേളനത്തിൽ കരഞ്ഞുകൊണ്ടായിരുന്നു യു പ്രതിഭയുടെ പ്രതികരണം. ഖേദം അംഗീകരിക്കാൻ കഴിയില്ല. പൊലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നൽകും. ഇടതുപക്ഷത്തിനുള്ള പൊതു സ്വീകാര്യത കണ്ടാവാം ഇത്തരത്തിൽ അശ്ലീലം പറയുന്നത്. സ്ത്രീകളുടെ ധാർമികതയെ ചോദ്യം ചെയ്ത് തകർത്തു കളയാമെന്നാണ് ചിലർ കരുതുന്നത് എന്നും യു പ്രതിഭ പറഞ്ഞു.
‘നല്ല സങ്കടമുണ്ട്. ഞാൻ ഞെട്ടിപ്പോയി ഇത് കേട്ടപ്പോൾ. ഇത് കേവലമായൊരു മാപ്പ് പറച്ചിലിൽ തീരില്ല. ഉത്തരവാദിത്തപ്പെട്ട രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ചെയർമാനാണ് പറഞ്ഞിരിക്കുന്നത്. ഈ കറ ഒരിക്കലും അദ്ദേഹത്തിന്റെ രാഷ്ട്രീയ ജീവിതത്തിൽ നിന്നും പോകില്ല. ഏത് ജോലി ഒരു സ്ത്രീ ചെയ്താലും അതിന് മഹത്വമുണ്ട്. സ്ത്രീകൾക്കൊപ്പം നിൽക്കുന്ന സർക്കാരാണിത്’, യു പ്രതിഭ പറഞ്ഞു.
കായംകുളം മണ്ഡലം യുഡിഎഫ് കൺവീനറും മുസ്ലിം ലീഗ് നേതാവുമായ എ ഇർഷാദാണ് യു പ്രതിഭയ്ക്കെതിരെ സ്ത്രീ വിരുദ്ധപരാമർശം നടത്തിയത്. ‘ശരീര അഴക് വിൽപ്പന ചരക്കാക്കി തെരഞ്ഞെടുപ്പിനെ നേരിടുന്നു’ എന്നായിരുന്നു എ ഇർഷാദിന്റെ വിവാദ പ്രസ്താവന. വാക് ചാരുതയും വിൽപ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നും ഇർഷാദ് പറഞ്ഞു. യുഡിഎഫ് മണ്ഡലം കൺവെൻഷൻ പ്രസംഗത്തിൽ ആയിരുന്നു പരാമർശം.
‘രാഷ്ട്രീയ അധികാരം ഉപയോഗിച്ചുകൊണ്ട് എന്തും നടത്തും എന്നതിന്റെ ഉത്തമ ഉദാഹരണമാണ് അവരുടെ മകൻ അകപ്പെട്ട കഞ്ചാവ് കേസിൽ അവർ എടുത്ത നിലപാട്. ആ നിലപാടിനെ ന്യായീകരിക്കുന്ന അമ്മയാണ് അവർ. ഒരു എംഎൽഎയ്ക്ക് അഞ്ച് കോടി രൂപയാണ് ഒരു വർഷമുളള വിഹിതം. കേന്ദ്ര- സംസ്ഥാന സർക്കാരുകളുടെ ഫണ്ടിംഗ് വേറെ. കുറഞ്ഞത് ഒരുകോടി രൂപ അവർക്ക് ഒരു മണ്ഡലത്തിൽ വിനിയോഗിക്കാൻ പറ്റും. ആ പണം ഉപയോഗിച്ചുകൊണ്ട് കായംകുളത്തിന്റെ നിലനിൽപ്പിനായി ശ്രദ്ധേയമായ എന്താണ് കൊണ്ടുവന്നത് ? 20 വർഷം മുൻപ് ഡിവൈഎഫ്ഐക്കാരൻ തച്ചടിയിൽ പ്രഭാകരന്റെ വീട്ടിലേക്ക് കായംകുളം താലൂക്ക് ആക്കണമെന്ന് ആവശ്യപ്പെട്ട് മാർച്ച് ചെയ്തിട്ടുണ്ട്. അത് കഴിഞ്ഞ് 20 വർഷക്കാലം സിപിഐഎം എംഎൽഎമാർ ഇവിടം ഭരിച്ചു. അതിൽ 15 വർഷം എൽഡിഎഫ് സർക്കാരായിരുന്നു. ഒരു ജനപ്രതിനിധി എന്ന നിലയിൽ അവർക്ക് ഒന്നുംതന്നെ ചെയ്യാൻ കഴിഞ്ഞിട്ടില്ല എന്ന പരമമായ യാഥാർത്ഥ്യം നിൽക്കുമ്പോഴാണ് വീണ്ടും അവരുടെ വാക് ചാതുരിയും ശരീര അഴകും വിൽപ്പനയ്ക്ക് വെച്ചുകൊണ്ട് വീണ്ടും തെരഞ്ഞെടുപ്പിനെ നേരിടാൻ പോവുകയാണ്’, എന്നാണ് എ ഇർഷാദ് പറഞ്ഞത്.
അതേസമയം, പരാമർശത്തിൽ നിർവ്യാജം ഖേദിക്കുന്നുവെന്ന് എ ഇർഷാദ് പ്രതികരിച്ചു. സോഷ്യൽ മീഡിയയിലെ പ്രചാരണങ്ങൾ അടിസ്ഥാന രഹിതമാണ്. പ്രസംഗം പൂർണമായി കേൾക്കണം. ഒരു ഭാഗം മാത്രം അടർത്തിമാറ്റി പ്രചരിപ്പിച്ചതായും ഇർഷാദ് വിശദീകരിച്ചു.
