കയ്യിൽ ഇരിക്കുന്ന കറൻസി ചെലവായി പോകുമ്പോൾ നമുക്ക് കൃത്യമായുള്ള കണക്കുണ്ടാകും. എന്നാൽ, യുപിഐ വഴി ആയിരങ്ങൾ പലവഴിക്ക് ഒഴുകി പോയാലും നമ്മൾ പലപ്പോഴും കണക്ക് വെക്കാറില്ല. മിഠായി മുതൽ വമ്പൻ ഹോം അപ്ലയൻസ് ഉപകാരങ്ങൾ വരെ യുപിഐ പേയ്മെന്റ് വഴി വാങ്ങുന്ന നമ്മൾ എത്രത്തോളം പണം ഓൺലൈനായി ചെലവായി പോകുന്നുണ്ടെന്ന് എന്ന് ശ്രദ്ധിക്കാറോ ഇതിന് പരിധി വയ്ക്കാറോ ഇല്ല.
നമ്മൾ ഉപയോഗിക്കുന്ന യുപിഐ ആപ്പുകളായ ഗൂഗിൾപേ, പേടിഎം പോലുള്ള ആപ്പുകളിൽ ഇതിനായിട്ടുള്ള സൗകര്യങ്ങളുമില്ല. എന്നാൽ, യുപിഐ പണമിടപടിൽ ആദ്യം മുതൽക്ക് തന്നെയുള്ള NPCI ഭീം (BHIM) സർവീസസ് ലിമിറ്റഡ് പുറത്തിറക്കിയ ഭീം ആപ്പിലെ ഏറ്റവും പുതിയ അപ്ഡേറ്റിൽ ഈ പ്രശ്നങ്ങൾക്കുള്ള പരിഹാരമുണ്ട്.
2016 ൽ ആരംഭിച്ച BHIM, ആദ്യകാല UPI ആപ്പുകളിൽ ഒന്നായിരുന്നെങ്കിലും മറ്റ് പ്രമുഖന്മാരുമായുള്ള മത്സരത്തിൽ കാലിടറിയിരുന്നു. തങ്ങളുടെ പഴയ പ്രതാപം തിരിച്ചു പിടിക്കാനാണ് നവീകരിച്ച BHIM 3.0 ആപ്പിന് കീഴിൽ നിരവധി സവിശേഷതകളുമായി NPCI എത്തുന്നത്.
ചെലവ് നിയന്ത്രണം (Spend Analytics): ഉപയോക്താക്കൾക്ക് അവരുടെ ചെലവുകൾ പല വിഭാഗങ്ങളായി (ഭക്ഷണം, യാത്ര, പലചരക്ക് തുടങ്ങിയവ) തരംതിരിക്കാനും ഓരോ മാസത്തെയും ചിലവുകൾ നിരീക്ഷിക്കാനും ഇതിലൂടെ സാധിക്കും. കൂടാതെ, സ്വയം നിശ്ചയിച്ച ചെലവ് പരിധി കവിയുമ്പോൾ ആപ്പ് അലർട്ടുകൾ നൽകുകയും ചെയ്യും.
ഫാമിലി മോഡ് (Family Mode): കുടുംബത്തിലെ അംഗങ്ങളെ ഒരു ഫാമിലി സർക്കിളിൽ ഉൾപ്പെടുത്തി വീട്ടുചെലവുകൾ ഒരുമിച്ച് ട്രാക്ക് ചെയ്യാൻ ഈ മോഡ് സഹായിക്കുന്നു. ഒരു ഡിജിറ്റൽ ലെഡ്ജർ പോലെ പ്രവർത്തിക്കുന്ന ഇതിലൂടെ ബില്ലുകൾ അടയ്ക്കാനുള്ള ഉത്തരവാദിത്തം മറ്റൊരാൾക്ക് നൽകാനും സാധിക്കും.
യുപിഐ സർക്കിൾ (UPI Circle): സ്വന്തമായി ബാങ്ക് അക്കൗണ്ട് ലിങ്ക് ചെയ്യാത്ത കുട്ടികൾക്കോ മുതിർന്നവർക്കോ വേണ്ടി മറ്റൊരാൾക്ക് പണമടയ്ക്കാനുള്ള അധികാരം നൽകാൻ ഈ ഓപ്ഷനിലൂടെ സാധിക്കും.
ചെലവുകൾ വിഭജിക്കൽ (Splitting Expenses): സുഹൃത്തുക്കൾക്കൊപ്പം നടത്തുന്ന ഇടപാടുകളുടെ ചെലവുകൾ വിഭജിക്കാനും ആപ്പിലൂടെ തന്നെ പണം തിരിച്ചടയ്ക്കാനുമുള്ള സൗകര്യമാണ് ഇതിലൂടെ ലഭ്യമാവുക.
