യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്കി റോഡിൽ തള്ളിയ കേസിൽ പാസ്റ്റർ അടക്കം മൂന്നുപേർ പിടിയിൽ

news image
Oct 28, 2025, 12:08 pm GMT+0000 payyolionline.in

തൃശൂർ: കൊടുങ്ങല്ലൂരിൽ യുവാവിന്‍റെ ജനനേന്ദ്രിയം മുറിച്ച് ഒരു കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുത്തി നഗ്നനാക്കി റോഡിൽ തള്ളിയ സംഭവത്തിൽ പാസ്റ്റർ അടക്കം മൂന്നുപേർ പിടിയിൽ. വരാപ്പുഴ കൂനമ്മാവിലെ അഗതി മന്ദിരത്തിന്റെ നടത്തിപ്പുകാരായ പാസ്റ്റർ ഫ്രാൻസിസ് (65), ആരോമൽ, നിതിൻ എന്നിവരാണ് പിടിയിലായത്.

ഈ മാസം 21ന് രാവിലെ കൊടുങ്ങല്ലൂർ പണിക്കേഴ്സ് ഹാളിനു സമീപം റോഡിലാണ് അതിക്രൂര മർദനമേറ്റ നിലയിൽ ആലപ്പുഴ അരൂർ സ്വദേശി മഞ്ഞന്ത്ര സുദർശനനെ (42) കണ്ടെത്തിയത്. ജനനേന്ദ്രിയം മുറിച്ച് ഒരു കണ്ണ് കുത്തിപ്പൊട്ടിച്ച് കാഴ്ച നഷ്ടപ്പെടുത്തിയിരുന്നു. ശരീരത്തിലാകെ കത്തികൊണ്ട് വരഞ്ഞിരുന്നു. തുടർന്ന് പൊലീസ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആലപ്പുഴയിലെ ഇയാളുടെ ബന്ധുക്കളെ കണ്ടെത്തുകയും ചെയ്തിരുന്നു. തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിലാണ് സുദർശനൻ.

സംഭവത്തിൽ കൊലപാതകശ്രമത്തിന് കേസെടുത്ത പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ദിവസങ്ങൾക്ക് ശേഷം ഇന്നാണ് അറസ്റ്റുണ്ടായിരിക്കുന്നത്.

വഴിയാത്രക്കാരെ ശല്യപ്പെടുത്തിയതിന് നേരത്തെ സുദർശനനെ കൊച്ചി സെൻട്രൽ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇയാൾക്ക് മാനസിക പ്രശ്നങ്ങളുണ്ടെന്ന് പറഞ്ഞ് പിന്നീട് അഗതിമന്ദിരത്തിലാക്കുകയും ചെയ്തിരുന്നു. അഗതിമന്ദിരത്തിൽവെച്ച് മറ്റു അന്തേവാസികളുമായി തർക്കമുണ്ടാകുകയായിരുന്നത്രെ. തുടർന്ന് അഗതിമന്ദിരം നടത്തിപ്പുകാർ സുദർശനെ ക്രൂരമായി മർദിക്കുകയായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe