കോഴിക്കോട്: ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതൻ നഞ്ചക് പരിശീലിച്ചത് യൂട്യൂബ് നോക്കിയെന്ന് വിവരം. ഫോൺ യൂട്യൂബ് സെർച്ച് ഹിസ്റ്ററിയിലാണ് ഇക്കാര്യം വ്യക്തമായത്. നഞ്ചക്ക് കരാട്ടെ പഠിക്കുന്ന ഇളയ സഹോദരന്റെതാണെന്ന് ഒരു കുട്ടി മൊഴി നൽകിയതായാണ് വിവരം. കൃത്യത്തിൽ നേരിട്ട് പങ്കെടുത്തത് ആറുപേർ മാത്രമാണ്. മറ്റാരും നേരിട്ട് പങ്കെടുത്തില്ലെന്ന് പൊലീസ് പറയുന്നു.പരമാവധി സിസിടി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും മുതിർന്ന ആളുകളുടെ പങ്ക് കണ്ടെത്താൻ ആയിട്ടില്ല. അക്രമത്തിന് ഇൻസ്റ്റഗ്രാം ഗ്രൂപ്പിലെ ആരെങ്കിലും പ്രേരണ നൽകിയോ എന്നാണ് ഇനി പരിശോധിക്കുന്നത്. 61 കുട്ടികളാണ് ഇൻസ്റ്റഗ്രാം ഗ്രൂപ്പിൽ ഉള്ളതെന്നും പൊലീസ് പറഞ്ഞു. അതേസമയം, ഷഹബാസിൻറെ കൊലപാതകവുമായി ബന്ധപ്പെട്ട് മെറ്റ കമ്പനിയിൽ നിന്ന് അന്വേഷണ സംഘം വിവരങ്ങൾ തേടി. സംഘർഷം ആസൂത്രണം ചെയ്ത ഇൻസ്റ്റഗ്രാം ഗ്രൂപ്പിനെക്കുറിച്ചുളള വിവരങ്ങൾ അറിയാനായാണ് നീക്കം. താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തിയ അന്വേഷണ സംഘം മൊബൈൽ ഫോണുകൾ ഉൾപ്പെടെ പരിശോധിച്ചു.
ട്യൂഷൻ സെൻററിൽ വച്ചുണ്ടായ തർക്കത്തിന് പകരം ചോദിക്കാനായുളള ആസൂത്രണം പത്താം ക്ശാസ് വിദ്യാർത്ഥികൾ നടത്തിയത് സമൂഹ മാധ്യമ ഗ്രൂപ്പുകൾ വഴിയാണെന്ന കാര്യം നേരത്തെ പുറത്ത് വന്നിരുന്നു. എന്നാൽ ഈ ഗ്രൂപ്പ് സൃഷ്ടിച്ചവർ നേതൃത്വം നൽകിയവർ നടന്ന ചർച്ചകൾ ആസൂത്രണ രീതി തുടങ്ങിയ കാര്യങ്ങൾ കണ്ടെത്തുക കേസ് അന്വേഷണത്തിൽ പ്രധാനമാണ്. ഇതിൻറെ ഭാഗമായാണ് മെറ്റ കമ്പനിയിൽ നിന്ന് വിവരങ്ങൾ തേടാൻ അന്വേഷണ സംഘം തീരുമാനിച്ചത്. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകൾ വ്യാജമാണോയെന്നും അറിയിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് മെറ്റക്ക് ഇമെയിൽ അയച്ചു. സൈബർ പൊലീസ് ഉൾപ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിൻറെ വീട്ടിലെത്തി പരിശോധനയും നടത്തി. ഷഹബാസിൻറെ ഫോണുൾപ്പെടെ സംഘം പരിശോധിച്ചു.