ദില്ലി: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരിയുടെ നിര്യാണത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇടതുപക്ഷത്തിന്റെ വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് പ്രധാനമന്ത്രി എക്സിൽ പോസ്റ്റ് ചെയ്ത അനുശോചന സന്ദേശത്തിൽ കുറിച്ചു. മികച്ച പാർലമെന്റേറിയനായി കഴിവ് തെളിയിച്ച വ്യക്തി കൂടിയായിരുന്നു യെച്ചൂരിയെന്നും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. യെച്ചൂരിക്കൊപ്പം കൈപിടിച്ച് നിൽക്കുന്ന ചിത്രവും മോദി എക്സിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.
യെച്ചൂരി ദീർഘ കാല സുഹൃത്താണെന്നും കുടുംബത്തിന്റെ ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. യൂണിവേഴ്സിറ്റി കാലം തൊട്ട് യെച്ചൂരിയെ അറിയാം. 70- 80 കാലഘട്ടത്തിൽ ഉയർന്നുവന്ന യുവജന നേതാവാണ് യെച്ചൂരിയെന്നും ഗവർണർ പറഞ്ഞു. യെച്ചൂരിയുടേത് ഞെട്ടിക്കുന്ന വിയോഗമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ അനുസ്മരിച്ചു. നീതിയോട് പ്രതിബദ്ധത പുലർത്തിയ ധീരനായ നേതാവ്. വരാനുള്ള തലമുറകൾക്കും പ്രചോദനമാണെന്നും സ്റ്റാലിൻ പറഞ്ഞു.
യെച്ചൂരി എന്നും വർഗീയ ശക്തികൾക്കെതിരെ നിലകൊണ്ട ധീരനായ കമ്യൂണിസ്റ്റ് ആണെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും അനുസ്മരിച്ചു. വർഗീയതയ്ക്കും കോർപ്പറേറ്റ് വാദത്തിനും എതിരെ ജനാധിപത്യത്തിന്റെ പക്ഷത്ത് നിലകൊണ്ടു. ഇന്ത്യൻ ജനാധിപത്യത്തിന് വലിയ നഷ്ടമാണ്. യെച്ചൂരിയുടെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നുവെന്നും സിദ്ധരാമയ്യ പറഞ്ഞു.