മുംബൈ: രക്തത്തിൽ കുളിച്ച നിലയിലാണ് സെയ്ഫ് അലി ഖാൻ വീട്ടിൽനിന്നും ഇറങ്ങി വന്നതെന്ന് നടനെ ആശുപത്രിയിലെത്തിച്ച ഓട്ടോ ഡ്രൈവർ. ഉത്തരാഖണ്ഡ് സ്വദേശിയായ ഭജൻ സിങ് റാണയെന്ന ഓട്ടോ ഡ്രൈവറാണ് ആ രാത്രിയിലെ അനുഭവം വിവരിക്കുന്നത്.
‘‘ഞാൻ ലിങ്കിൻ റോഡ് വഴി പോവുകയായിരുന്നു. സെയ്ഫ് അലി ഖാൻ താമസിക്കുന്ന കെട്ടിടത്തിന്റെ പേര് സദ്ഗുരു നിവാസ് എന്നാണ്. അതിന്റെ മുന്നിലെത്തിയപ്പോൾ ‘റിക്ഷാ റിക്ഷാ… നിർത്തൂ നിർത്തൂ…’ എന്ന് വിളിച്ച് കൊണ്ട് ഒരു സ്ത്രീ ഓടിവന്നു. ഗേറ്റിന് മുന്നിലേക്ക് ഓട്ടോ കയറ്റി നിർത്താൻ സ്ത്രീ ആവശ്യപ്പെട്ടു. രക്തത്തിൽ കുളിച്ച് വെള്ള ഷർട്ട് ധരിച്ച് ഒരാൾ കയറി ഇരുന്നു. കൂടെ ഒരു കുട്ടിയും യുവാവും ഇരുന്നു. ആരാണ് എന്റെ ഓട്ടോയിൽ കയറുന്നതെന്നും കുഴപ്പത്തിൽപെടുമോ എന്നൊക്കെയാണ് ഞാൻ ആലോചിച്ചത്. അതിനാൽ എനിക്ക് പരിഭ്രാന്തി തോന്നി. ഹോളി ഫാമിലിയിലേക്കാണോ ലീലാവതി ആശുപത്രിയിലേക്കാ പോകേണ്ടതെന്ന് ചോദിച്ചപ്പോൾ, ‘എന്നെ ലീലാവതിയിലേക്ക് കൊണ്ടുപോകൂ’ എന്ന് അദ്ദേഹം പറഞ്ഞു. അവിടെ എത്തിയപ്പോൾ ആശുപത്രി ജീവനക്കാരെല്ലാം എത്തി. അപ്പോൾ അദ്ദേഹം പറഞ്ഞു ‘ഞാൻ സെയ്ഫ് അലി ഖാൻ’ എന്ന്…’’ -ഓട്ടോ ഡ്രൈവർ വിവരിക്കുന്നു.
അതേസമയം, നടനെ ആക്രമിച്ച പ്രതിയെ മൂന്നു ദിവസമായിട്ടും പിടികൂടാനായിട്ടില്ല. അക്രമി ബാന്ദ്ര റെയിൽവേ സ്റ്റേഷനിലെത്തിയ ചിത്രങ്ങൾ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം. ഇന്നലെ ചോദ്യം ചെയ്ത് വിട്ടയച്ച ആളെ വീണ്ടും കസ്റ്റഡിയിലെടുത്തെന്ന് സൂചനയുണ്ട്.