രഞ്ജിത്തിനെ അറസ്റ്റിൽ നിന്ന് രക്ഷപ്പെടാൻ സഹായിച്ചെന്ന് സംശയം; ബോബി കുര്യനേയും ശാലിനിയേയും ചോദ്യം ചെയ്യും

news image
Apr 2, 2026, 8:01 am GMT+0000 payyolionline.in

കൊച്ചി: സംവിധായകൻ രഞ്ജിത്തിനെതിരായ ലൈംഗികാതിക്രമക്കേസിൽ നടൻ ബോബി കുര്യനേയും അസിസ്റ്റന്റ് ഡയറക്ടർ ശാലിനിയേയും പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്യും. അറസ്റ്റിൽ നിന്നും രക്ഷപ്പെടാൻ രഞ്ജിത്തിന് ഇരുവരുടേയും സഹായം ലഭിച്ചുവെന്ന് അന്വേഷണ സംഘം സംശയിക്കുന്നു. ഇക്കാര്യം സ്ഥിരീകരിച്ചാൽ ഇരുവരെയും കേസിൽ പ്രതി ചേർക്കും. പരാതിക്കാസ്പദമായ കൃത്യം നടന്ന കാരവൻ തിരിച്ചറിഞ്ഞു. ലൈംഗിക അതിക്രമ വിവരം ഷൂട്ടിംഗ് ലൊക്കേഷനിൽ മറച്ചുവയ്ക്കാൻ ശ്രമം നടന്നോയെന്നതിലും വിശദമായ അന്വേഷണം നടത്തും.

സിനിമാ ലൊക്കേഷനിൽ വെച്ച് പീഡിപ്പിക്കാൻ ശ്രമിച്ചുവെന്ന നടിയുടെ പരാതിയിലാണ് കഴിഞ്ഞ ദിവസം രഞ്ജിത്തിനെ അറസ്റ്റ് ചെയ്തത്. രഞ്ജിത്തിന്റെ പുതിയ സിനിമയിൽ അഭിനയിക്കുന്ന നടിയാണ് പരാതിക്കാരി. കൂടുതൽ പ്രാധാന്യമുള്ള റോൾ നൽകാമെന്ന് പറഞ്ഞ് കാരവാനിലേക്ക് വിളിച്ചുവരുത്തി രഞ്ജിത്ത് ലൈംഗികമായി ഉപദ്രവിച്ചുവെന്നാണ് നടിയുടെ പരാതി. കേസിൽ രഞ്ജിത്തിനെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തിട്ടുണ്ട്. തുടർന്ന് എറണാകുളം സബ്ജയിലിലേക്ക് മാറ്റി.
എറണാകുളത്ത് നിന്നും തൊടുപുഴയിലേക്ക് പോകുന്ന വഴി മുട്ടത്തുവെച്ചാണ് എറണാകുളം സിറ്റി പൊലീസ് കമ്മീഷണറുടെ നിർദേശത്തെ തുടർന്ന് തൊടുപുഴ പൊലീസ് രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് കൊച്ചി പൊലീസിന് കൈമാറുകയായിരുന്നു.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe