രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ നടക്കുന്ന “എൻ്റെ കേരളം 2025 ” പ്രദർശന വിപണന മേള കോഴിക്കോട് മേയ് 3 മുതൽ 12 വരെ

news image
May 5, 2025, 12:18 pm GMT+0000 payyolionline.in

രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികത്തിൽ നടക്കുന്ന “എൻ്റെ കേരളം 2025” പ്രദർശന വിപണന മേള കോഴിക്കോടിൽ മെയ് മൂന്ന് മുതൽ മെയ് 12 വരെ നടക്കും.നവകേരളം കെട്ടിപ്പടുക്കുന്നതിനു വേണ്ടി പ്രതിബദ്ധതയോടെ ജനക്ഷേമകര മായ പ്രവർത്തനങ്ങൾ നടപ്പാക്കി, മുഖ്യമന്ത്രി പിണറായി വിജയൻ്റെ നേതൃത്വത്തിലുള്ള സംസ്ഥാനസർക്കാർ അഞ്ചാം വർഷത്തിലേക്കു കടക്കുന്ന സന്ദർഭത്തിലാണ് നാലാം വർഷ പരിപാടികൾ.

എന്റെ കേരളം പ്രദർശന വിപണന മേള, കുടുംബശ്രീ മിഷൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദേശീയ സരസ് മേള എന്നിവ സന്ദർശകർക്ക് വ്യത്യസ്തമായ കാഴ്ചാനുഭവങ്ങൾ സമ്മാനിക്കും. മേളകളുടെ ഭാഗമായി പത്തുദിവസവും പ്രഗത്ഭർ പങ്കെടുക്കുന്ന കലാ-സാംസ്‌കാരിക പരിപാടികളും സെമിനാറുകളും വിവിധതരം ആക്റ്റിവിറ്റികളും അരങ്ങേറും. കരിയർ ആപ്റ്റിറ്റിയൂഡ് ടെസ്റ്റ്, യുവപ്രതിഭാസംഗമം, കലാകായിക അഭ്യാസപ്രകടനങ്ങൾ എന്നിവ മേളയുടെ മാറ്റ് കൂട്ടും. വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങളും നടപ്പിലാക്കിയ വികസന പ്രവർത്തനങ്ങളും കുടുംബശ്രീ സംരംഭകരുടെ വിവിധ പ്രവർത്തനങ്ങളും ഉൽപന്നങ്ങളും ജനങ്ങൾക്ക് അടുത്തറിയാനും മേള അവസരമൊരുക്കും. ദേശീയ സരസ് മേള നാളെ (മെയ് രണ്ട) ആരംഭിക്കും. ആദ്യമായാണ് സരസ് മേളയ്ക്ക് കോഴിക്കോട് വേദിയാകുന്നത്.

മേളകളുടെ ഉദ്ഘാടനം മെയ് മൂന്നിന് വൈകീട്ട് ആറ് മണിക്ക് ബീച്ചിലെ ഫ്രീഡം സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. പൊതുമരാമത്ത് വിനോദസഞ്ചാര വകുപ്പ് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. വനം വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ. കെ. ശശീന്ദ്രൻ, മേയർ ഡോ. ബീന ഫിലിപ്പ്, ജില്ലയിലെ എം പി മാർ എന്നിവർ മുഖ്യാതിഥികളാകും. ജില്ലയിലെ എം.എൽ.എമാർ, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, ജില്ല കളക്ടർ തുടങ്ങിയവർ സംസാരിക്കും.

ഉദ്ഘാടന സമ്മേളനത്തിനു മുന്നോടിയായി മാനാഞ്ചിറ ബി.ഇ.എം സ്കൂ‌ളിൽ നിന്നും ഉദ്ഘാടന വേദിയായ ബീച്ചിലേക്ക് വർണാഭമായ ഘോഷയാത്ര സംഘടിപ്പിക്കും. ഘോഷയാത്രയിൽ വിവിധ സർക്കാർ വകുപ്പുകൾ, തദ്ദേശ സ്ഥാപനങ്ങൾ, കുടുംബശ്രീ പ്രവർത്തകർ, ആശാ പ്രവർത്തകർ ഉൾപ്പെടെ പതിനായിരത്തിലേറെപ്പേർ അണിനിരക്കും. വകുപ്പുകളുടെ ആഭിമുഖ്യത്തിൽ ഫ്ളോട്ടുകൾ, വിവിധ കലാരൂപങ്ങൾ, ശിങ്കാരി മേളം എന്നിവ ഘോഷയാത്രയ്ക്ക് നിറം പകരും. ജില്ലയിലെ മന്ത്രിമാർ, ജനപ്രതിനിധികൾ തുടങ്ങിയവർ ഘോഷയാത്രയുടെ ഭാഗമാകും.

നിർമിത ബുദ്ധി, ഓഗ്മെന്‍റഡ് റിയാലിറ്റി/ വിർച്വൽ റിയാലിറ്റി, ഡ്രോൺ, റോബോട്ടിക്‌സ്, ഐ.ഒ.ടി. തുടങ്ങിയ സാങ്കേതികവിദ്യകൾ പ്രദർശിപ്പിക്കുന്ന സ്റ്റാർട്ടപ്പ് മിഷന്‍റെ എക്സ്പീരിയൻസ് സെന്റർ പവലിയൻ, ഫിറ്റ്നസ് സോൺ, ഹെൽത്ത് സോൺ, വിവിധതരം ചാലഞ്ചുകളും ഉൾപ്പെടുന്ന കായിക വകുപ്പിന്റെ പവലിയൻ, വി.ആർ സാങ്കേതിക വിദ്യയിലൂടെ വ്യത്യസ്ത അനുഭൂതി പകർന്നു നൽകുന്ന കിഫ്ബി പവിലിയൻ, ടൂറിസം, പൊതുമരാമത്ത് വകുപ്പുകളുടെ വികസന പാലം, സെൽഫി പോയിന്റ്, മിനി തിയറ്റർ തുടങ്ങിയവ മേളയുടെ പ്രധാന ആകർഷണങ്ങളാകും.

വിവിധ വകുപ്പുകൾ നൽകുന്ന സേവനങ്ങൾ സൗജന്യമായി നൽകാനും മേളയിൽ സൗകര്യമൊരുക്കും. കാർഷിക ഉത്പന്നങ്ങൾ, ഔഷധസസ്യങ്ങൾ ഉൾപ്പെടെയുള്ള ചെടികൾ, അപൂർവയിനം മൃഗങ്ങൾ, പക്ഷികൾ തുടങ്ങിയവയുടെ പ്രദർശനവും പോലിസിൻ്റെ ഡോഗ് ഷോയും മേളയിലുണ്ടാകും. കുട്ടികൾക്കും മുതിർന്നവർക്കും കളിക്കാനും ഉല്ലസിക്കാനും പ്രത്യേക സ്പോർട്സ് ഏരിയകളും ഒരുക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe