ദില്ലി: നീറ്റ് പരീക്ഷക്രമക്കേടിൽ കൂടുതൽ കേസുകൾ ഏറ്റെടുത്ത് സിബിഐ. ബീഹാറിലെയും ജാർഖണ്ടിലെയും പരീക്ഷ കേന്ദ്രങ്ങൾ സിബിഐ പരിശോധിച്ചു. ബീഹാറിലെ അടക്കം അഞ്ച് കേസുകളിലാണ് സിബിഐ അന്വേഷണം പുരോഗമിക്കുന്നത്. ക്രമക്കേട് നടന്നുവെന്ന് സംശയിക്കുന്ന ചിലപരീക്ഷാ കേന്ദ്രങ്ങളിലാണ് സിബിഐ പരിശോധന നടത്തിയത്. ബീഹാർ, ഗുജറാത്ത് എന്നിവിടങ്ങളിലെ ചില സെൻററുകളെക്കുറിച്ചാണ് പരിശോധന. കഴിഞ്ഞ പരീക്ഷകളിൽ ചില കേന്ദ്രങ്ങൾ തെരഞ്ഞെടുത്ത വിദ്യാർത്ഥികളെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട്. രണ്ടാം വട്ടം അസാധാരണമായി റാങ്ക് ഉയർത്തിയവരെക്കുറിച്ചാണ് അന്വേഷണം.
ദേശീയ പ്രവേശനപരീക്ഷകളുടെ സുതാര്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ശുപാർശ നൽകാൻ കേന്ദ്രം നിയോഗിച്ച ഡോ.രാധാകൃഷ്ണൻ സമിതി ആദ്യ യോഗം ചേർന്നു. ദില്ലി ഐഐടിയിൽ ആണ് യോഗം ചേർന്നത്. കുറ്റമറ്റ പരീക്ഷ നടത്തിപ്പിനെ കുറിച്ച് വിദ്യാർത്ഥികളിൽ നിന്നും നിർദ്ദേശങ്ങൾ തേടുമെന്ന് ഡോ. കെ രാധാകൃഷ്ണൻ പറഞ്ഞു. നേരിട്ടും ഓൺലൈനായും നിർദ്ദേശങ്ങൾ തേടും.
ഇതിനിടെ നീറ്റ് പിജി പരീക്ഷ നടത്താനുള്ള നടപടികൾ വിലയിരുത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതു സംബന്ധിച്ച് സാങ്കേതിക വിദഗ്ധരുടെ അടക്കം യോഗം ചേർന്നു. പരീക്ഷ പേപ്പർ ചോരാതെ ഇരിക്കാനുള്ള നടപടികളും യോഗത്തിൽ വിലയിരുത്തി. ഈ മാസം 23 ന് നടത്താനിരുന്ന പരീക്ഷ മാറ്റിയത് വലിയ പ്രതിഷേധത്തിന് വഴിവെച്ചിരുന്നു.