മുംബൈ: രണ്ട് സഹകരണ ബാങ്കുകളുടെ ലൈസൻസ് റദ്ദാക്കി റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. ഗുജറാത്തിലെ ശ്രീ മഹാലക്ഷ്മി മെർക്കന്റൈൽ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്, കർണാടകയിലെ ദി ഹിരിയൂർ അർബൻ കോ-ഓപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ് എന്നിവയുടെ ലൈസൻസ് ആണ് സെൻട്രൽ ബാങ്ക് റദ്ദാക്കിയത്.
ജനുവരി 12 മുതൽ പ്രവർത്തിക്കുന്നതിൽ നിന്നും ഈ ബാങ്കുകളെ വിലക്കിയിട്ടുണ്ട്. നിക്ഷേപം സ്വീകരിക്കാനും നിക്ഷേപം തിരിച്ചടയ്ക്കാനും ബാങ്കുകൾക്ക് അനുവാദമില്ല. ബാങ്ക് അടച്ചുപൂട്ടാനുള്ള ഉത്തരവ് പുറപ്പെടുവിക്കാനും അതിന് ലിക്വിഡേറ്ററെ നിയമിക്കാനും രണ്ട് സംസ്ഥാനങ്ങളിലെയും സഹകരണ സംഘങ്ങളുടെ രജിസ്ട്രാർമാരോട് ആർബിഐ നിർദേശിച്ചിട്ടുണ്ട്. ഈ ബാങ്കുകൾക്ക് മതിയായ മൂലധനവും വരുമാന സാധ്യതയും ഇല്ലാത്തതിനാലാണ് ആർബിഐയുടെ നടപടി
ഡെപ്പോസിറ്റ് ഇൻഷുറൻസ് ആൻഡ് ക്രെഡിറ്റ് ഗ്യാരന്റി കോർപ്പറേഷൻ (ഡിഐസിജിസി) റെഗുലേഷൻസ് പ്രകാരം, നിക്ഷേപകർക്ക് ഡെപ്പോസിറ്റ് ഇൻഷുറൻസ് ക്ലെയിം തുക 5 ലക്ഷം രൂപ വരെ ലഭിക്കും. കണക്കുകൾ പ്രകാരം, രണ്ട് ബാങ്കുകളുടെയും 99%-ത്തിലധികം ഉപഭോക്താക്കൾക്ക് അവരുടെ നിക്ഷേപത്തിന്റെ മുഴുവൻ തുകയും സ്വീകരിക്കാൻ അർഹതയുണ്ട്.
അതേസമയം, നിയമങ്ങൾ പാലിക്കാത്തതിന് ധനലക്ഷ്മി ബാങ്ക്, പഞ്ചാബ് ആൻഡ് സിന്ധ് ബാങ്ക് എന്നിവയുൾപ്പെടെ മൂന്ന് ബാങ്കുകളിൽ നിന്ന് ആർബിഐ 2.49 കോടി രൂപ പിഴ ചുമത്തി. ബാങ്കുകളിലെ ‘ഉപഭോക്തൃ സേവനം’ സംബന്ധിച്ച നിർദേശങ്ങൾ പാലിക്കാത്തതിനാണ് പിഴ. നേരത്തെ, സമാനമായ കേസുകളിൽ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐ, സ്വകാര്യ മേഖലയിലെ ഭീമൻ എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക് എന്നിവയ്ക്കും ആർബിഐ പിഴ ചുമത്തിയിട്ടുണ്ട്. ബാങ്കുകളുടെ അക്കൗണ്ട് ഉടമകളെ ഈ നടപടി ബാധിക്കില്ലെന്ന് ആർബിഐ അറിയിച്ചിട്ടുണ്ട്.