ന്യൂഡൽഹി: തൊഴിൽ കോഡുകളുൾപ്പെടെയുള്ള മോദി സർക്കാരിന്റെ തൊഴിലാളിദ്രോഹ, കോർപറേറ്റ് അനുകൂല നയങ്ങൾക്കെതിരായ അഖിലേന്ത്യ പണിമുടക്ക് ബുധനാഴ്ച അർധരാത്രി മുതൽ ആരംഭിക്കും. സിഐടിയു ഉൾപ്പെടെ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തിൽ നടക്കുന്ന പണിമുടക്കിൽ കർഷക, കർഷകത്തൊഴിലാളി, ബഹുജന സംഘടനകളും ഐക്യദാർഢ്യവുമായി അണിനിരക്കും. ബാങ്ക്, ഇൻഷുറൻസ്, കൽക്കരി, വൈദ്യുതി, പ്രതിരോധ മേഖലയിലെ ജീവനക്കാർ, കേന്ദ്ര–സംസ്ഥാന സർക്കാർ ജീവനക്കാർ എന്നിവരും ഭാഗമാവുന്നതോടെ കേന്ദ്ര സർക്കാരിനുള്ള താക്കീതായി പണിമുടക്ക് മാറും. സിപിഐ എം അടക്കമുള്ള ഇടതുപക്ഷ പാർടികളും മറ്റ് പ്രതിപക്ഷ പാർടികളും പണിമുടക്കിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
പണിമുടക്കിൽ കേരളത്തിലെ വ്യവസായ–കാർഷിക–വാണിജ്യ–വ്യാപാര മേഖലകൾ നിശ്ചലമാകും. കടകമ്പോളങ്ങൾ അടയും. വാഹനങ്ങൾ നിരത്തിലിറങ്ങില്ല. മഹിളാ, വിദ്യാർഥി, യുവജന സംഘടനകളും പ്രതിഷേധങ്ങൾ സംഘടിപ്പിക്കും. വ്യാഴാഴ്ച 650 കേന്ദ്രങ്ങളിൽ പ്രതിഷേധറാലികളും യോഗങ്ങളും സംഘടിപ്പിക്കും. ജില്ലാ, ഏരിയാ കേന്ദ്രങ്ങളിൽ ഉച്ചവരെനീളുന്ന യോഗങ്ങളുണ്ടാകും.
ഷോപ്പിങ് മാളുകളും സ്പെഷൽ ഇക്കണോമിക് സോണുകളും സ്തംഭിക്കും. പാൽ, പത്രം, ആശുപത്രി, മരുന്നുകടകൾ, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് അടക്കം അവശ്യ സർവീസ് ഒഴിച്ച് മറ്റെല്ലാ മേഖലയിലെയും തൊഴിലാളികൾ പണിമുടക്കിൽ പങ്കെടുക്കും.
ജനവിരുദ്ധ കേന്ദ്ര ബജറ്റും യുഎസിന് കീഴ്പ്പെട്ട് കേന്ദ്രസർക്കാർ ഒപ്പിട്ട വ്യാപാര കരാറും വലിയ പ്രതിഷേധത്തിനിടയാക്കിയ ഘട്ടത്തിലാണ് പണിമുടക്ക്. സിഐടിയു ആയിരം കേന്ദ്രങ്ങളിൽ ആയിരംപേരെ അണിനിരത്തി പ്രതിഷേധം സംഘടിപ്പിക്കും. തൊഴിലുറപ്പ് പദ്ധതി അട്ടിമറിയടക്കം ചോദ്യംചെയ്ത് കർഷകരും കർഷകത്തൊഴിലാളികളും പണിമുടക്കും. കഴിഞ്ഞ ജൂലൈയിൽ നടന്ന പണിമുടക്കിൽ 25 കോടിയിലധികം തൊഴിലാളികളാണ് അണിനിരന്നത്. ഇത്തവണ അതിനെ മറികടക്കുന്ന പങ്കാളിത്തം ഉണ്ടാകുമെന്ന് നേതാക്കൾ ചൂണ്ടിക്കാട്ടി. വൈദ്യുതി, വിത്ത് ഭേദഗതി ബില്ലുകൾ, ഇൻഷുറൻസ് മേഖലയിൽ 100 ശതമാനം എഫ്ഡിഐ, ആണവോർജ മേഖലയുടെ സ്വകാര്യവൽക്കരണം പിൻവലിക്കുക തുടങ്ങിയ മുദ്രാവാക്യങ്ങളും പണിമുടക്കില്‍ ഉയര്‍ത്തും.
സിഐടിയു, എഐടിയുസി, ഐഎൻടിയുസി, എച്ച്എംഎസ്, എഐയുടിയുസി, ടിയുസിസി, സേവാ, എഐസിസിടിയു, എൽപിഎഫ്, യുടിയുസി എന്നീ കേന്ദ്ര ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിലാണ് പണിമുടക്ക്. ബിഎംഎസ് പണിമുടക്കിനൊപ്പമില്ല. ഐഎൻടിയുസി സംയുക്ത സമരസമിതിയുടെ ഭാഗമാണെങ്കിലും രാഷ്ട്രീയ കാരണങ്ങളാൽ കേരളത്തിൽ യോജിച്ച പ്രതിഷേധത്തിനില്ല.
