രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും മൻമോഹൻ സിങ് നൽകിയ സംഭാവനകൾ സ്മരിക്കപ്പെടും -മോദി

news image
Dec 27, 2024, 10:26 am GMT+0000 payyolionline.in

ന്യൂഡൽഹി: മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ മരണം രാജ്യത്തിന് വലിയ നഷ്ടമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനങ്ങളോടും രാജ്യത്തിന്റെ വികസനത്തോടുമുള്ള അദ്ദേഹത്തിന്റെ പ്രതിബദ്ധത എല്ലായ്പ്പോഴും ബഹുമാനിക്കപ്പെടുമെന്ന് ഒരു വിഡിയോ സന്ദേശത്തിൽ മോദി പറഞ്ഞു.

 

വിഭജനത്തെ തുടർന്ന് എല്ലാം ഉപേക്ഷിച്ച് കുടുംബവുമൊത്ത് ഇന്ത്യയിലേക്ക് കുടിയേറിയതിനു ശേഷമുള്ള സിങ്ങിന്റെ ജീവിതയാത്ര മോദി അനുസ്മരിച്ചു. ഇല്ലായ്മയിൽ നിന്ന് ഒരാൾക്ക് എങ്ങനെ ഉയരാമെന്നും വിജയത്തിന്റെ ഉന്നതിയിലെത്താൻ എങ്ങനെ പോരാടാമെന്നും ഭാവി തലമുറകൾക്ക് ഒരു പാഠമായി അദ്ദേഹത്തിന്റെ ജീവിതം എപ്പോഴും നിലകൊള്ളും. മാന്യനായ മനുഷ്യൻ, പണ്ഡിതൻ, സാമ്പത്തിക വിദഗ്ധൻ, പരിഷ്‌കാരങ്ങൾക്കായി സമർപ്പിതനായ നേതാവ് എന്നീ നിലകളിൽ എന്നും അദ്ദേഹം ഓർമിക്കപ്പെടുമെന്നും മോദി പറഞ്ഞു.

സർക്കാറിൽ വിവിധ തലങ്ങളിൽ സേവനമനുഷ്ഠിച്ച പ്രധാനമന്ത്രി, വെല്ലുവിളി നിറഞ്ഞ സമയങ്ങളിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഗവർണറായിരുന്നുവെന്നും പി.വി നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള സർക്കാറിൽ ധനമന്ത്രിയായി രാജ്യത്തെ പുതിയ സാമ്പത്തിക പാതയിലേക്ക് നയിച്ചുവെന്നും മോദി പറഞ്ഞു. പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തിന്റെ വികസനത്തിനും പുരോഗതിക്കും അദ്ദേഹം നൽകിയ സംഭാവനകൾ എന്നും ഓർമിക്കപ്പെടും. അദ്ദേഹത്തിന്റെ സത്യസന്ധതയുടെയും ലാളിത്യത്തിന്റെയും പ്രതിഫലനമാണ് ആ ജീവിതമെന്നും മോദി ചൂണ്ടിക്കാട്ടി.

ലോകത്തെ പ്രശസ്തമായ സ്ഥാപനങ്ങളിൽ വിദ്യാഭ്യാസം നേടിയിട്ടും തന്റെ സാധാരണ പശ്ചാത്തലത്തിന്റെ മൂല്യങ്ങൾ ഒരിക്കലും മറന്നില്ല. വിനയവും ശാന്തതയും ബുദ്ധിയും ചേർന്ന ഒരു വിശിഷ്ട പാർലമെന്റേറിയൻ എന്ന നിലയിലാണ് അദ്ദേഹത്തിന്റെ ജീവിതത്തെ നിർവചിച്ചത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി ദുർബലനായിരിക്കുമ്പോൾപോലും വീൽചെയറിൽ പാർലമെന്റിൽവന്ന് എം.പി എന്ന നിലയിൽ തന്റെ കടമ നിർവഹിക്കാനുള്ള സിങ്ങിന്റെ പ്രതിബദ്ധതയെ മോദി പ്രശംസിച്ചു.

കക്ഷിരാഷ്ട്രീയത്തിന് അതീതമായി എല്ലാവർക്കും പ്രാപ്യമായി തുടരാൻ സിങ്ങിന് കഴിഞ്ഞു. 2004-14 കാലത്ത് അദ്ദേഹം പ്രധാനമന്ത്രിയായിരുന്നപ്പോഴും താൻ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നപ്പോഴും നിരവധി ദേശീയ-അന്തർദേശീയ വിഷയങ്ങളിൽ പലപ്പോഴും ചർച്ചകൾ നടത്തിയിരുന്നതായും മോദി അനുസ്മരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe