രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി മമത ബാനർജി; വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിക്കും

news image
Jan 16, 2024, 12:34 pm GMT+0000 payyolionline.in

കൊൽക്കത്ത: രാമക്ഷേത്ര ഉദ്ഘാടന ദിവസം സൗഹാർദ റാലിയുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. കൊൽക്കത്തയിൽ എല്ലാ മതത്തിലെയും ജനങ്ങളോടൊപ്പം സൗഹാർദ റാലി നടത്തുമെന്ന് മമത ബാനർജി അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള തന്ത്രമാണ് ജനുവരി 22ന് നടക്കുന്ന രാമക്ഷേത്ര ഉദ്ഘാടനം എന്നതിനാൽ അതിൽ പങ്കെടുക്കില്ലെന്ന് മമത നേരത്തെ വ്യക്തമാക്കിയിരുന്നു.

 

“ജനുവരി 22ന് ഞാൻ കാളിഘട്ട് ക്ഷേത്രം സന്ദർശിച്ച് പൂജ നടത്തും. തുടർന്ന് എല്ലാ മതസ്ഥരുമായി ചേർന്ന് സൗഹാർദ റാലിയിൽ പങ്കെടുക്കും. മസ്ജിദുകൾ, പള്ളികൾ, ഗുരുദ്വാരകൾ എന്നിവയുൾപ്പെടെ വിവിധ മതങ്ങളുടെ ആരാധനാലയങ്ങൾ സന്ദർശിച്ച് റാലി പാർക്ക് സർക്കസ് മൈതാനിയിൽ സമാപിക്കും,”- മമത പറഞ്ഞു.സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സമാനമായ റാലികൾ സംഘടിപ്പിക്കാനും മമത ബാനർജി പാർട്ടി പ്രവർത്തകരോട് ആവശ്യപ്പെട്ടു. ‘പ്രാൺ പ്രതിഷ്ഠ’ നടത്തുന്നത് രാഷ്ട്രീയക്കാരുടെ ജോലിയല്ലെന്നും പൂജാരിമാരുടെ ജോലിയാണെന്നും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കലാണ് തങ്ങളുടെ ജോലിയെന്നും മമത കൂട്ടിച്ചേർത്തു.

എല്ലാവരെയും ഉൾക്കൊള്ളുന്ന ഉത്സവങ്ങളാണ് ആഘോഷിക്കുന്നതെന്ന് അയോധ്യാ ചടങ്ങിൽ നിന്ന് വിട്ടുനിൽക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് മമത പറഞ്ഞിരുന്നു. ബംഗാളിൽ തൃണമൂൽ സർക്കാർ അധികാരത്തിലിരിക്കുന്നിടത്തോളം സിഖുകാരോടും ക്രിസ്ത്യാനികളോടും മുസ്ലീങ്ങളോടും ഗോത്രവർഗക്കാരോടും ഒരു വിവേചനവും ഉണ്ടാകില്ലെന്നും മമത ബാനർജി പറഞ്ഞിരുന്നു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe