കോഴിക്കോട്: രാമനാട്ടുകരയിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിനെ തിരിച്ചറിഞ്ഞു. കൊണ്ടോട്ടി നീറാട് സ്വദേശി ഷിബിനാണ് മരിച്ചത്. ഷിബിൻ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചതാണ് അയാളെ കൊലപ്പെടുത്താൻ കാരണമെന്ന് പ്രതി ഇജാസ് മൊഴി നൽകി.
മൃതദേഹം കണ്ടെത്തിയ സ്ഥലത്തുവെച്ച് ഷിബിനും ഇജാസും മദ്യപിച്ചിരുന്നു. ഇതിനിടെ ഷിബിൻ, ഇജാസിനെ സ്വവർഗ ലൈംഗികതയ്ക്ക് നിർബന്ധിച്ചു. നിർബന്ധത്തിന് വഴങ്ങില്ലെന്ന് കണ്ടതോടെ ഷിബിൻ ഉപദ്രവിവിച്ചെന്നും തുടർന്നുണ്ടായ സംഘർഷമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നുമാണ് ഇജാസ് പോലീസിന് നൽകിയ മൊഴി. അതേസമയം, ഇജാസിന്റെ മൊഴി പോലീസ് പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.
രാമനാട്ടുകര ഫ്ളൈഓവർ ജങ്ഷന് സമീപം ഒഴിഞ്ഞ പറമ്പിലാണ് ഞായറാഴ്ച രാവിലെയോടെ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വെട്ടുകല്ലുകൊണ്ട് മർദിച്ച് മുഖം വികൃതമാക്കിയ നിലയിലായിരുന്നു. തുടർന്ന് പോലീസ് വൈദ്യരങ്ങാടി സ്വദേശി ഇജാസിനെ കസ്റ്റഡിയിൽ എടുത്തിരുന്നു.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതക കാരണണെന്നായിരുന്നു പ്രാഥമിക നിഗമനം. ലഹരി ഇടപാടുമായി ബന്ധപ്പെട്ട് പ്രതി ഇജാസിന്റെ ബന്ധു അടുത്തിടെ കൊല്ലപ്പെട്ടിരുന്നു. ഇതിന്റെ പ്രതികാരമായാണോ കൊലപാതകമെന്നായിരുന്നു പോലീസ് അന്വേഷിച്ചത്. എന്നാൽ, കസ്റ്റഡിയിലെടുത്ത ഇജാസിനെ വിശദമായി ചോദ്യംചെയ്തപ്പോഴാണ് കൊലപാതക കാരണം വെളിപ്പെടുത്തിയത്.