ന്യൂഡൽഹി: ബംഗളൂരു രാമേശ്വരം കഫേ സ്‌ഫോടനക്കേസിലെ നാലു പ്രതികൾക്കെതിരെ ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) തിങ്കളാഴ്ച കുറ്റപത്രം സമർപ്പിച്ചു. ബംഗളൂരുവിലെ പ്രത്യേക എൻ.ഐ.എ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്.
പ്രതികളായ മുസാവിർ ഹുസൈൻ ഷാസിബ്, അബ്ദുൽ മത്തീൻ അഹമ്മദ് താഹ, മാസ് മുനീർ അഹമ്മദ്, മുസമ്മിൽ ഷെരീഫ് എന്നിവർ നേരത്തേ അറസ്റ്റിലാണെന്നും ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.
ഐ.ടി.പി.എൽ ബംഗളൂരുവിലെ ബ്രൂക്ക്ഫീൽഡിലെ രാമേശ്വരം കഫേയിൽ ഈ വർഷം മാർച്ച് ഒന്നിന് നടന്ന സ്ഫോടനത്തിൽ ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ഹോട്ടലിന് സാരമായ കേടുപാടുകൾ സംഭവിക്കുകയും ചെയ്തിരുന്നു. കേസിൽ അന്വേഷണം ആരംഭിച്ച എൻ.ഐ.എ വിവിധ സംസ്ഥാന പോലീസ് സേനകളുമായും മറ്റ് ഏജൻസികളുമായും ഏകോപിപ്പിച്ച് അന്വേഷണങ്ങൾ നടത്തുകയായിരുന്നു. അന്വേഷണത്തിൽ ബോംബ് സ്ഥാപിച്ചത് ഷാസിബ് ആണെന്ന് കണ്ടെത്തി. 2020 മുതൽ ഇയാൾ ഒളിവിലായിരുന്നുവെന്ന് എൻ.ഐ.എ പ്രസ്താവനയിൽ അറിയിച്ചു. സ്‌ഫോടനം നടന്ന് 42 ദിവസങ്ങൾക്ക് ശേഷം പശ്ചിമ ബംഗാളിലെ ഒളിത്താവളത്തിൽ നിന്ന് എൻ.ഐ.എ നടത്തിയ തിരച്ചിലിലാണ് ഇവരെ പിടികൂടിയത്.
പ്രതികൾ സിം കാർഡുകളും ബാങ്ക് അക്കൗണ്ടുകളും വ്യാജമായി ഉപയോഗിച്ചതായും വിവിധ ഇന്ത്യൻ, ബംഗ്ലാദേശി ഐഡന്റിറ്റി രേഖകൾ ഉപയോഗിച്ചതായും എൻ.ഐ.എ പ്രസ്താവനയിൽ പറഞ്ഞു.